പാക്കിസ്ഥാന് ഇന്ത്യയ്ക്ക് നല്കിയ പ്രഹരത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയാണ് ഇപ്പോള്‍ രാജ്യത്ത് പ്രധാന ചര്‍ച്ചാ വിഷയം. വെറും രണ്ടാഴ്ച നീണ്ട തയാറെടുപ്പും 20 മിനിറ്റ് നേരത്തെ പ്രവര്‍ത്തനവും കൊണ്ടാണ് പാക്കിസ്ഥാന് ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ നടപടിയില്‍ അഭിമാനിക്കുന്ന ഓരോ മലയാളിക്കും കൂടുതല്‍ സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിന് നേതൃത്വം നല്കാന് നിയോഗിതനായത് ഒരു മലയാളിയായിരുന്നു എന്നത്.
ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന് ഹരികുമാര്‍ നേതൃത്വം നല്കുന്ന പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ് ആണ് അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ വിഭാഗം തയ്യാറെടുപ്പ് തുടങ്ങി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സൂക്ഷ്മ വ്യോമ മിസൈലാക്രമണം നടത്താന്‍ കെല്പുള്ള സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. വ്യോമസേനയുടെ ഒന്നാം സ്ക്വാഡ്രനായ െടെഗേഴ്സ്, ഏഴാം സ്ക്വാഡ്രനായ ബാറ്റില്‍ ആക്സസ് എന്നിവരെയാണു ദൗത്യമേല്‍പ്പിച്ചത്.
നിയന്ത്രണരേഖ കടക്കാനുള്ള 12 മിറാഷുകള്‍ ഇവരാണു സജ്ജമാക്കിയത്. 24-ന് അവാക്സ് റഡാര്‍ നിരീക്ഷണവിമാനവും പോര്‍വിമാനങ്ങളില്‍ ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനവും ആഗ്ര വരെ പറപ്പിച്ച് ട്രയല്‍ റണ്‍. ഇന്നലെ പുലര്‍ച്ചെ 3.45. മൂന്നു വ്യോമതാവളങ്ങളില്‍നിന്ന് ഒരേസമയം വിമാനങ്ങള്‍ കുതിച്ചുയര്‍ന്നു. ഇസ്രയേല്‍ നിര്‍മിത ലേസര്‍ ഗൈഡഡ് മിസൈലുകളില്‍ ഘടിപ്പിച്ച ബോംബുകളുമായി മധ്യപ്രദേശിലെ മഹാരാജാപുരില്‍നിന്ന് 12 മിറാഷുകള്‍. ഹരിയാനയിലെ സിര്‍സയില്‍നിന്നും ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുമായി 16 സുഖോയ് വിമാനങ്ങള്‍.
പിന്നെ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനം ആഗ്രയില്‍നിന്നും ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ നിരീക്ഷണ ഡ്രോണ്‍ രഹസ്യകേന്ദ്രത്തില്‍നിന്നും റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനും അതിര്‍ത്തിക്കപ്പുറം 450 കി.മീ. വരെ നിരീക്ഷിക്കാനും കഴിയുന്ന അവാക്സ് ”നേത്ര” വിമാനം പഞ്ചാബിലെ ഭട്ടിന്ഡയില്നിന്നുമുയര്ന്നു. ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയുടെ ചുണക്കുട്ടികള്‍ തിരികെ പറക്കുകയും ചെയ്തു.
ന്യൂ ഡല്‍ഹിയിലെ നാഷണന്‍ ഡിഫന്‍സ് കോളജിലും, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലും, രാഷ്ട്രീയ ഇന്ത്യന്‍ മിലറ്ററി കോളജിലുമായിരുന്നു ഹരികുമാറിന്റെ വിദ്യാഭ്യാസം. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബബന്‍ ഡിയോ വൈസ് ചീഫായി സ്ഥാനമേറ്റപ്പോള്‍ 2017 ജനുവരി ഒന്നിനാണ് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ ചുമതലയിലേക്ക് ഹരികുമാര്‍ എത്തുന്നത്.