ചാത്തന്നൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളും ഹൈടെക് ക്ലാസ്സ് മുറികൾ ഒരുക്കുമ്പോഴും ജില്ലയിൽ മാതൃഭാഷയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും തയാറാകുന്നില്ല.മലയാള ഭാഷ മാധ്യമമായി തിരഞ്ഞെടുത്ത് പഠിക്കുന്നവരുടെ ഇരട്ടിയിലേറെയാണ് സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് മാധ്യമമായി പഠിക്കുന്നവരുടെ എണ്ണം. പ0ന മാധ്യമം മാതൃഭാഷയിൽ എന്ന സങ്കല്പത്തിൽ നിന്നും കേരളം എത്രയോ അകലെയാണെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു.
2012 മേയ് 22-ന് പുറപ്പെടുവിച്ച ഉത്തരവ് മലയാള ഭാഷ മാധ്യമമായി പഠിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ കാരണമായതായി വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു.ഇംഗ്ലീഷ് ഭാഷയിൽ പഠിക്കേണ്ടവർക്ക് യഥേഷ്ടം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്നാണ് 2012-ലെ ഭേദഗതി ഉത്തരവ്. 2010 ലെ ഉത്തരവിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കന്നതിന് കുട്ടികളുടെ എണ്ണം 30 ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും തുടർന്നുള്ള ക്ലാസ്സുകളിൽ എണ്ണത്തിൽ കുറവുണ്ടായാൽ തന്നെയും ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ തുടരുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കുന്നു.
പി.എസ്.സി.പരീക്ഷകൾ മാതൃഭാഷയിൽ കൂടി വേണമെന്ന സമരം നടക്കുമ്പോൾ സ്കൂളുകളിലെ മലയാളം പഠനവിവരം കൂടി അറിയുന്നത് പ്രസക്തമായിരിക്കും. കൊല്ലം ജില്ലയിൽ 44 ഗവ.ഹൈസ്കൂളുകളും 56 എയ്ഡഡ് ഹൈസ്കൂളുകളുമാണുള്ളത്.15 അംഗീകൃത അൺ എയ്ഡഡ് ഹൈസ്കൂളുകളും.സർക്കാർ ഹൈസ്കൂളുകളിൽ പഠിക്കുന്നത് 28 540 വിദ്യാർത്ഥികളാണ്.ഇതിൽ മലയാളം മീഡിയത്തിൽ പഠിക്കുന്നവർ 9846 പേർ മാത്രം.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നവർ ഇതിന്റെ ഇരട്ടിയോളം’ 19194. എയ്ഡഡ് ഹൈസ്കൂളൂകളിൽ 41547 വിദ്യാർത്ഥികൾ പഠിക്കുന്നു.13862 പേർ മലയാളം മീഡിയത്തിലും 27 712 പേർ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പഠിക്കുന്നത്.8621 കുട്ടികളാണ് അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലുള്ളത്. ഇതിൽ 123 പേർ മാത്രമാണ് രണ്ടാം ഭാഷയായി മലയാളം പഠിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലഭിച്ച കണക്കാണിത്.
Zoomed out of item.