ഒരു സിനിമയില്‍ മുഖം കാണിച്ചാല്‍ പിന്നെ സൂപ്പര്‍സ്റ്റാറുകളുടെ രീതിയിലാണ് നമ്മുടെ താരങ്ങളുടെ നടപ്പ്. അതിപ്പോള്‍ ഒരു സീനില്‍ തല കാണിക്കുന്നവനും ടെലിഫിലീമില്‍ പ്രത്യക്ഷപ്പെടുന്നവനും അങ്ങനെ തന്നെ. അത്തരത്തില്‍ ഒരു ഒരു നടന്‍ നിര്‍മാതാവിന് സമ്മാനിച്ച ദുരിതത്തിന്റെ കഥയാണിത്. ഒരു സിനിമ ഹിറ്റായതോടെ തലക്കനം വച്ച നടനാണ് ഈ കഥയിലെ നായകന്‍.
ആയിടയ്ക്കാണ് ഈ നടനെ വച്ച് സിനിമയെടുക്കാന്‍ ഒരു നിര്‍മാതാവ് മുന്നോട്ടുവരുന്നത്. അഭിനയിക്കാമെന്ന് നടന്‍ സമ്മതിക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്റെ സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നത്. അത് തനിക്ക് ലഭിച്ച ഭാഗ്യമായി കണ്ട യുവനടന്‍ കിട്ടിയ വേഷം ഗംഭീരമാക്കുകയും ചെയ്തു. പടത്തെക്കാള്‍ പാട്ടും യുവനടന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് താന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ബാക്കി ഷൂട്ടിങ്ങിനാണ് യുവനടന്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ സമയങ്ങളില്‍ കണ്ട ഒരു ഭാവമായിരുന്നില്ല യുവ നടന്റെത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ നടന്റെ അപ്രതീക്ഷിതമായ ആവശ്യം കേട്ട് നിര്‍മ്മാതാവും സംവിധായകനുമൊക്കെ ഞെട്ടിപ്പോയി. മറ്റ് പ്രമുഖ നടന്മാര്‍ക്കൊക്കെ ഉള്ളതുപോലെ തനിക്കും ഒരു കാരവന്‍ വേണം എന്നായിരുന്നു യുവനടന്‍ ആവശ്യപ്പെട്ടത്. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവന്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ യുവനടന്‍ നിര്‍മ്മാതാവിന്റെ ചെലവില്‍ വാടകയ്ക്കാണ് കാരവന്‍ ആവശ്യപ്പെട്ടത്. ചെറിയ ബജറ്റില്‍ തുടങ്ങിയ ചിത്രം എങ്ങിനെ പൂര്‍ത്തിയാക്കും എന്ന് ആലോചിച്ചിരിക്കെയാണ് നടന്റെ ഈ ആവശ്യം. ഒടുവില്‍ എവിടന്നൊക്കെയോ പണം കണ്ടെത്തി നിര്‍മാതാവ് നടന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.