സിനിമാ ലോകത്തെ സംബന്ധിച്ചടുത്തോളം 2023 അപ്രതീക്ഷ വേർപാടുകളുടെ വർഷമായിരുന്നു. സുബി സുരേഷ് മുതൽ സുബ്ബലക്ഷ്മി അമ്മവരെ നീളുന്നു ഈ നഷ്ടം. ഈ വർഷത്തിന്റെ ആരംഭത്തിൽ കേട്ട മരണ വാർത്തയായിരുന്നു സുബി സുരേഷിന്റേത്.
ഒരു സുപ്രഭാതത്തിൽ സുബിക്ക് ആദരാഞ്ജലികൾ എന്ന വാർത്ത കേട്ടാണ് നമ്മൾ ഉണരുന്നത്. ഇത് കേട്ട നിമിഷം തെറ്റായ വാർത്തയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. സുബിയുടെ മരണം പെട്ടെന്ന് ഉൾക്കൊള്ളാൻ മലയാളികൾക്ക് കഴിഞ്ഞില്ല.
കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് സുബി മരിച്ചത്. കാലങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സുബി ബിഗ് സ്ക്രീനിലും നിറ സാന്നിധ്യമായിരുന്നു. സുബിയുടെ മരണ വാർത്തയുടെ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് നടൻ ഇന്നസെന്റിന്റെ മരണം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ചിലാണ് ഇന്നസെൻറ് മരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകചത്ത് ഹാസ്യ, സ്വഭാവ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടനാണ് ഇന്നസെന്റ്. അറുനൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.18 വർഷം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു.
ഇന്നസെന്റിന്റെ മരണത്തിന് പിന്നാലെയാണ് മാമുക്കോയയുടെ മരണ വാർത്ത എത്തിയത്. ഹൃദയാഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമായിരുന്നു മാമുക്കോയയുടെ മരണ കാരണം. 2023 ലാണ് ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരീഷ് പേങ്ങനും വിടപറഞ്ഞത്.
ഇതിന് പിന്നാലെയാണ് ജൂണിൽ മിമിക്രി താരവും നടനുമായിരുന്ന കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. സിഐഡി മൂസയിലൂടെ ശ്രദ്ധേയനായ കാസൻ ഖാൻ, ഹാസ്യ നടൻ പൂജപ്പുര രവി, സീരിയൽ താരം കൈലാസ് നാഥ്, നടൻ വിനോദ് തോമസ് എന്നിവരും വിടപറഞ്ഞത് 2023ൽ ആയിരുന്നു,
മലയാളികൾക്ക് ചിരിക്കാനായി സിനിമകൾ അണിയിച്ചൊരുക്കിയ സംവിധായകൻ സിദ്ധിഖ് മരിച്ചതും 2023ൽ ആണ്. സിദ്ധിഖിന്റെ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും ഒരു ദിവസം പോലും ഓർക്കാത്ത മലയാളികൾ കാണില്ലെന്ന് തന്നെ പറയാം. കരൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സിദ്ധിഖിന്റെ മരണം.
കിരീടം സിനിമയിലെ ശ്രദ്ധേയമായ വില്ലൻ കഥാപാത്രം അവതരിപ്പിച്ച കുണ്ടറ ജോണിയുടെ വേർപാടും ഈ വർഷം തന്നെയായിരുന്നു. 2023 അതിന്റെ അവസാനത്തിലേക്ക് അടുത്തപ്പോഴാണ് കലാഭവൻ ഹനീഫ് സുബ്ബലക്ഷ്മി അമ്മയും ലക്ഷ്മികയും വിടവാങ്ങിയത്.