കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണവുമായി ആദായ നികുതി വകുപ്പ്.
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുമ്പേ ചിത്രം അമ്പത് കോടി പിന്നിട്ടെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം.
കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് പിന്നാലെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ആദായ നികുതി വകുപ്പ്.
വിവിധ പരിശോധനകളില്‍ 200 കോടിക്ക് മുകളില്‍ കള്ളപ്പണ ഇടപാട കണ്ടെത്തിയതായാണ് വിവരം. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 70 കോടിയോളം രൂപ മറച്ചുവെച്ചതായും വിവരമുണ്ട്.
നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു.
പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തല്‍.
ചില താരങ്ങളും നിര്‍മാതാക്കളും അറബ് രാജ്യം കേന്ദ്രീകരിച്ചാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.
ഇവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവിലാണ് കള്ളപ്പണ ഇടപാടുകള്‍. വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളിലും പരിശോധനകളും അന്വേഷണവും തുടരുകയാണ്.
മോഹന്‍ലാലിന്റെ മൊഴിയെടുത്തു
കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ആദയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന് മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. സിനിമയിലെ ലാഭം പങ്കുവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.