കോഴിക്കോട്: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട ആരോപണശരങ്ങള്‍ കത്തിനില്ക്കുമ്പോള് മലയാള സിനിമയിലെ പ്രമുഖര്‍ പ്രതിച്ഛായ പേടിയിൽ. ഓണക്കാല സിനിമകള്‍ തിയറ്ററുകളിലേക്ക് എത്താനിരിക്കേ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇപ്പോൾ എന്തായിരിക്കുമെന്ന ആശങ്കയാണ് സിനിമാരംഗത്ത് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പരിധിവിട്ട ചര്‍ച്ചകൾ സിനിമാരംഗത്തുള്ളവരുടെ നെഞ്ചിലെ തീ ഊതിക്കത്തിക്കുന്നു.
സിനിമാതാരങ്ങളെ ഒറ്റയ്ക്കും കൂട്ടമായും ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നത്. സിനിമാതാരങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിച്ഛായ തച്ചുടയ്ക്കുന്ന റിപ്പോര്‍ട്ടുകളും തെളിവുകളും പുറത്തുവരുമ്പോള്‍ താരാരാധനയിലും ഇടിവുണ്ടാകുമെന്ന ആശങ്കയുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്ക്കെതിരേ ആരോപണം ഉയരരുതേ എന്നു പ്രാര്ഥിക്കേണ്ട അവസ്ഥയിലാണ് ആരാധകര്‍.
സമീപകാല മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യവും മുന്‍നിര താരവുമായ സിദ്ദിഖിനെതിരേയുള്ള ആരോപണം അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുമെന്ന ഭയം നിർമാതാക്കൾ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്കുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വെടിഞ്ഞ് വലിയ തലവേദന ഒഴിവാക്കിയെങ്കിലും തുടര്വേഷണത്തില് സിദ്ദിഖ് കുരുങ്ങിയാൽ സ്ഥിതി വഷളാകും.
നടന് ദിലീപിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഒരു പരിധിവരെ സംരക്ഷിച്ചു നിര്‍ത്തിയതും പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച സന്ദര്‍ഭത്തില്‍ സ്റ്റേഷനില്‍ എത്തിയതും സിദ്ദിഖായിരുന്നു. മാത്രമല്ല സിനിമയിലെ “പ്രമുഖ’രുടെ വിശ്വസ്തന് കൂടിയാണ് ഇദ്ദേഹം. ഡബ്യൂസിസിയെ ഉള്‍പ്പെടെ ലക്ഷ്യം വച്ചവരില്‍ പ്രധാനിയും സിദ്ദിഖ് തന്നെയായിരുന്നു.
അതേസമയം കൂടുതല്‍ പ്രമുഖർക്കെതിരേ ആരോപണങ്ങള്‍ വരുമെന്ന ഭീതിയാണ് സിനിമാലോകത്തുള്ളത്. ആരോപണത്തിനൊപ്പം തെളിവുകള്‍ കൂടി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയാല്‍ നടപടികൾ അനിവാര്യമാകും.നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നടിമാര്‍ മൊഴി നല്‍കുമെന്നാണ് സൂചന.
പരാതികളിൽ അന്വേഷണം നടക്കുന്ന കാലത്തോളം പുകമറയില്‍ തന്നെ സിനിമാ മേഖല തുടരേണ്ടി വരും. അതിനിടയില്‍ വലിയ ട്വിസ്റ്റുകളുണ്ടായാല് കൂടുതല്‍ “വിഗ്രഹങ്ങൾ’ വീഴും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന് രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുതിയ സിനിമകളൊന്നും ചെയ്യുന്നില്ല എന്നതാണ് ആശ്വാസം.
സംവിധായകനായും തിരക്കഥാകൃത്തായും മലയാളസിനിമാ ആസ്വാദകരുടെ മനസില്‍ വലിയ സ്ഥാനമുണ്ടായിരുന്ന രഞ്ജിത്തിന് ഇപ്പോഴുണ്ടായ ആരോപണവും തുടർന്നുള്ള രാജിയും വലിയ രീതിയിൽ തന്നെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
രഞ്ജിത്തിനെതിരേ കടുത്ത പ്രതിഷേധമാണ് കോഴിക്കോട്ടും വയനാടും ഉണ്ടായത്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ചാലപ്പുറത്തെ വീട്ടില്‍ പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.