കൊച്ചി: മലയാള സിനിമയിലെ മരുന്നടിക്കാരെ പൂട്ടിടാനൊരുങ്ങി സിനിമാ സംഘടനകള്‍. ലഹരി മരുന്ന് ഉപയോഗിക്കുന്ന പലരും സിനിമയില്‍ ഉണ്ട്. അങ്ങനെ ഉള്ളവര്‍ സിനിമയില്‍ വേണ്ടെന്നാണ് സംയുക്ത സിനിമാ സംഘടനകളുടെ തീരുമാനം.
ചില താരങ്ങള്‍ സ്വബോധമില്ലാതെയാണ് പെരുമാറുന്നത്. രാസലഹരി ഉപയോഗിക്കുന്നവരുമായും, തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ആളുകളുമായും സഹകരിക്കില്ല.
ലൊക്കേഷനില്‍ വൈകി വരുന്നവര്‍ക്കും ഇത് ബാധകമാണ്. പുതുതലമുറയിലെ നടന്മാരിലാണ് ഈ പ്രശ്നങ്ങളെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാനാണ് സംഘടനകളുടെ തീരുമാനം.
ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും വിലക്ക്
അതേസമയം, നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
സിനിമ പകുതിയാകുമ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ന് നിഗമിന് സംശയം. ഇതോടെ എഡിറ്റ് കാണാന്‍ ആവശ്യപ്പെടുന്നു. ഒരു സിനിമാ സംഘടനകള്‍ക്കും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ന് ചെയ്യുന്നത്.
ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഡേറ്റ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ലെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു.
ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടന താരത്തെ വിലക്കി. അന്ന് ശ്രീനാഥ് മാപ്പു പറഞ്ഞതോടെയാണ് അവതാരക കേസ് പിന്‍വലിച്ചത്. ഷെയ്ന് നിഗവും നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നത്തിലും പരാതി ഉയര്‍ന്നിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഷെയ്ന് നിഗം ആരോപിച്ചത്.
വെയില് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമായിരുന്നു കാരണം. മറ്റൊരു സിനിമയ്ക്കായി മുടി മുറിച്ചതാണ് നിര്‍മാതാവിനെ ചൊടിപ്പിച്ചതെന്നും ഇതിനെ തുടര്‍ന്ന് വധഭീഷണി മുഴക്കുന്നു എന്നുമായിരുന്നു താരത്തിന്റെ ആരോപണം.
എന്നാല്‍ ഷെയ്ന് പ്രതിഫല തുക കൂട്ടി ചോദിക്കുന്നുവെന്നും സിനിമയുമായി സഹകരിക്കുന്നില്ലെന്നുമായിരുന്നു നിര്‍മാതാവിന്റെ മറുപടി.