ന്യൂഡൽഹി: പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യവുമായി മലയാളമടക്കമുള്ള ക്ലാസിക് ഭാഷാകേന്ദ്രങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾ ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിനു (സിഐഐഎൽ) കീഴിൽ ആരംഭിച്ച പ്രത്യേക ഭാഷാകേന്ദ്രങ്ങളാണു സ്വയംഭരണാധികാരം തേടുന്നത്.
രാജ്യത്ത് ആറു ക്ലാസിക്കൽ ഭാഷകളാണുള്ളത്. ഇതിൽ തമിഴ് ഭാഷയ്ക്കായി പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സ്വയംഭരണാധികാരമുണ്ട്. സംസ്കൃത വിഭാഗത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു നേരിട്ട് പ്രവർത്തനഫണ്ട് സ്വീകരിക്കാനാകും. ഇതിനു പുറമേ ഭാഷാപ്രോത്സാഹനത്തിനു പ്രത്യേകമായി സർവകലാശാലകളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളമടക്കം ഭാഷാകേന്ദ്രങ്ങൾ സ്വയംഭരണാധികാരം ആവശ്യപ്പെടുന്നത്.
വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജൂണിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ലെന്നാണ് ഭാഷാകേന്ദ്രങ്ങളുടെ ആരോപണം. 2004ൽ തമിഴ്, 2005ൽ സംസ്കൃതം, 2008ൽ കന്നഡ, തെലുങ്ക്, 2013ൽ മലയാളം, 2014ൽ ഒഡിയ എന്നിവയാണു ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്.
സ്വയംഭരണാധികാരം ഇല്ലാത്തതിനാൽ മലയാളമടക്കമുള്ള ഭാഷാകേന്ദ്രങ്ങൾക്കു പ്രവർത്തനഫണ്ട് ലഭിക്കുന്നില്ല. കൂടാതെ നിരവധി ജീവനക്കാരുടെ ആവശ്യമുണ്ടെങ്കിലും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിൽ തിരൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളത്തിൽ പ്രോജക്ട് ഡയറക്ടർക്കുപുറമേ രണ്ടു ജീവനക്കാർ മാത്രമാണുള്ളത്.
മറ്റു കേന്ദ്രങ്ങളിലും സമാനമായ അവസ്ഥയാണ്. സംസ്കൃതത്തിന്റെ പ്രോത്സാഹനത്തിനായി മൂന്നു വർഷം 643.84 കോടിയും മറ്റ് അഞ്ച് ക്ലാസിക്കൽ ഇന്ത്യൻ ഭാഷകൾക്കായി 29 കോടിയും ചെലവഴിച്ചതായാണു കണക്കുകൾ.
സ്വന്തം ലേഖകൻ