തിരുവനന്തപുരം: ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല് മലയാളത്തില് തന്നെയാകണമെന്ന് സര്ക്കുലർ.വകുപ്പില് നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സര്ക്കുലറുകള്, അര്ധ ഔദ്യോഗിക കത്തുകൾ, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, റിപ്പോര്ട്ടുകള്, മറ്റ് വകുപ്പുകള്ക്കുള്ള മറുപടികള് തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില് തന്നെയാകണമെന്നാണ് നിര്ദേശം.
ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില് മാത്രമായിരിക്കണമെന്നും സര്ക്കുലറില് പറയുന്നു.ധനവകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള് കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള് നടത്തുന്നതും ഇംഗ്ലീഷിലാണെന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടർന്നാണ് ധനവകുപ്പ് സര്ക്കുലര് പുറത്തിറക്കിയത്.
കേന്ദ്രസര്ക്കാര്, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങൾ, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്ക്ക് പ്രത്യേക അവകാശങ്ങള് നല്കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള് എന്നീ എട്ട് സാഹചര്യങ്ങളില് മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില് ഇളവ് ലഭിക്കുക.