ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമുതൽ മലയാള ചലച്ചിത്രലോകമാണ് എങ്ങും സംസാരവിഷയം. പത്ര, ദൃശ്യമാധ്യമങ്ങൾക്കുപരി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാലോകത്തെ സദാചാരം ചികയുകയാണ്. ശക്തികുറഞ്ഞ അവസ്ഥയിലാണെങ്കിലും ചില ചലച്ചിത്രപ്രവർത്തകർ, പ്രത്യേകിച്ചു നടീനടന്മാർ പ്രതിരോധവുമായി രംഗത്തുണ്ട്. “സിനിമാലോകത്തു മാത്രമല്ലല്ലോ സ്ത്രീപീഡനം’ എന്ന ചോദ്യമാണ് അവർക്ക് ആകെ തിരിച്ചുചോദിക്കാനുള്ളത്. വിഷയം പൊതുജനങ്ങൾ ചർച്ചയാക്കുന്നതിലുള്ള അമർഷവും ചിലർ പങ്കുവയ്ക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ അപ്പുക്കുട്ടനെയാണ് ഓർമവരുന്നത്. തന്നെ തട്ടിയിട്ടു മരുന്നുപൊട്ടിച്ച അപ്പുക്കുട്ടനോടു പറവൂർ ഭരതന്റെ കഥാപാത്രം ദേഷ്യപ്പെടുമ്പോൾ, ‘ഞാൻ മാത്രമല്ല, അവരുമുണ്ട്’ എന്നു കൂട്ടുകാരെ ചൂണ്ടിക്കാണിക്കുന്ന രക്ഷപ്പെടൽതന്ത്രം.
സിനിമാപ്രവർത്തകരെ, പ്രത്യേകിച്ചു മലയാളസിനിമാപ്രവർത്തകരെ സമൂഹമധ്യത്തിൽ സദാചാരവിരുദ്ധരായി ചിത്രീകരിച്ചത് ആരാണ്? മാധ്യമങ്ങളും ജനങ്ങളുമാണോ? അല്ല എന്നാണ് ഉത്തരം. ആ പാപക്കറ പുരണ്ടിരിക്കുന്നതു സിനിമക്കാരിൽതന്നെയാണ്. വിശദീകരിച്ചാൽ, സംവിധായകരിലും എഴുത്തുകാരിലും. അതിൽ മുന്നിൽനിൽക്കുന്നത് “ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന ചിത്രമാണ്.
കെ.ജി. ജോർജ് സംവിധാനംചെയ്ത ഈ ചിത്രമാണ് മലയാളസിനിമയിലെ ദുർഗന്ധപൂരിതമായ അകത്തളങ്ങളിലേക്കുള്ള വാതിൽ തുറന്നത്. ആത്മഹത്യചെയ്ത ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അതുല്യഅഭിനേത്രി ശോഭയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെന്നതു വൃത്തികേടിന്റെ ആഴംകൂട്ടുന്നു. അഭിനയിക്കാൻ ആഗ്രഹിച്ച് എത്തിപ്പെടുന്ന പെൺകുട്ടികളുടെ ദുരവസ്ഥകളും ചലച്ചിത്രലോകത്തെ ആണുങ്ങളുടെ മൃഗീയമായ മേൽക്കോയ്മയും എല്ലാം നാലുപതിറ്റാണ്ടു മുൻപുതന്നെ ജനങ്ങളെ കാണിച്ചു എന്നത് ഒരേസമയം മലയാളസിനിമയുടെ ഔന്നത്യവും അശ്ലീലതയും തുറന്നുകാണിക്കുന്നു.
എൺപതുകളിൽ കുടുംബങ്ങളുടെ പ്രിയസംവിധായകനായിരുന്ന ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ കാണിക്കുന്നു നടിമാരുടെ തനിനിറം. മേനോന്റെ കഥാപാത്രത്തിന്റെ മുറി ഷൂട്ടിംഗിനു കിട്ടാൻവേണ്ടിമാത്രം അയാളോട് ഇഴുകിച്ചേരുന്ന നടിയായി അഭിനയിച്ചത് അനശ്വരയായ സുകുമാരിയാണ്. സുകുമാരിയുടെ വാക്കുകേട്ട് മദ്രാസിൽ എത്തിച്ചേരുന്ന ബാലചന്ദ്രമേനോനെയും മണിയൻപിള്ള രാജുവിനെയും സുകുമാരി കണ്ടഭാവം നടിക്കുന്നില്ല. കാര്യംകാണാന് ഞങ്ങൾ സിനിമാക്കാർ പലതും പറയുമെന്നു സുകുമാരി പറയുന്നുണ്ട്.
പ്രിയതാരം മോഹൻലാലിനെ മുന്നിൽനിർത്തി ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ഉദയനാണ് താരവും സരോജ്കുമാറും ഉയർത്തിവിട്ട പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. താരങ്ങളുടെ അഹന്തയും ആത്മാർഥതയില്ലായ്മയും നേരിലെന്നപോലെ പ്രേക്ഷകരെ കാണിച്ച ചിത്രങ്ങൾ. അതിൽ മീനയുടെ നായിക പറയുന്നുണ്ട്, തന്റെ വേഷങ്ങളും ചിത്രങ്ങളും തീരുമാനിക്കുന്നത് അച്ഛനും ചേട്ടനുമാണെന്ന്. അതുമൂലം ഉണ്ടായ സമ്മർദം സഹിക്കാതെ നായിക ഷൂട്ടിംഗ് സെറ്റിൽനിന്ന് ഇറങ്ങിപ്പോരുന്നുമുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടി എങ്ങനെയും സിനിമാനടനാകാൻ നടക്കുന്ന ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലുമുണ്ട് നടികളുടെ ജീവിതം. വഴിയോരത്തു ചായ വിൽക്കുന്ന പ്രിയങ്കയുടെ കഥാപാത്രം നടിയാകാൻ മദ്രാസിൽ പോയതാണെന്നു പരിചയപ്പെടുത്തുന്ന സലിംകുമാറിന്റെ കഥാപാത്രം പിന്നെ പറയുന്നത് തികഞ്ഞ അശ്ലീല കോമഡിയാണ്. മദ്രാസിൽ പോയതുകൊണ്ട് ആകെ കിട്ടിയത് ഒരു കൊച്ചിനെയാണെന്നു വിവരിക്കുമ്പോൾ കുറ്റം ആരുടേതാണ്? കഴിഞ്ഞില്ല, മമ്മൂട്ടിയുടെതന്നെ ചിത്രം പ്രജാപതി കാണാം. അതിലുണ്ട് അല്പനേരത്തേക്കുവരുന്ന ഒരു നടി. ഷൂട്ടിംഗിനുവരുന്ന വീട്ടിലെ നായകനായ മമ്മൂട്ടിയുടെ കഥാപാത്രത്തോട് കൊഞ്ചിക്കുഴയുകയും ഇവൾ ശരിയല്ലെന്നു മറ്റു സ്ത്രീകഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുമുണ്ട്, രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്.
രഞ്ജിത്തിന്റെതന്നെ ആദ്യകാല സംവിധാനസംരംഭങ്ങളിലൊന്നായ തിരക്കഥ സിനിമാലോകത്തെ ജീവിതംതന്നെ. അതിൽ നായിക പ്രിയാമണിയോടൊപ്പം മദ്യപിച്ച നിർമാതാവ് കൈയിൽ കയറിപ്പിടിച്ച് തന്റെ ആഗ്രഹം അറിയിക്കുന്നു. അതു നടക്കില്ലെന്നു വന്നപ്പോൾ അപ്പോഴത്തേക്ക് എക്സ്ട്രാനടിയെ അന്വേഷിക്കുന്നുമുണ്ട്.
സുരേഷ് ഗോപി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ സത്യമേവ ജയതേയിൽ വില്ലനായ ഹേമന്ദ് രാവണനെ കാണാതെ സിദ്ദിഖ് അന്വേഷിക്കുമ്പോൾ രാത്രിയിലേക്കു നടിയെ ആവശ്യപ്പെട്ടിരുന്നുവെന്നു സഹകഥാപാത്രം പറയുന്നുണ്ട്.
ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിര എന്ന ചിത്രത്തിൽ ജൂണിയർ ആർട്ടിസ്റ്റുകളോട് പ്രൊഡക്ഷൻ മാനേജർമാരുടെ ക്രൂരതകളാണ് വിഷയമെങ്കിൽ പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫറിൽ സ്ത്രീലമ്പടനായ പോലീസുദ്യോഗസ്ഥനെ കൊല്ലാൻ എത്തിക്കുന്നത് അയാളുടെ വികാരമായ സീരിയൽനടിയുടെ വീട്ടിലേക്കാണ്. അവളെ അയാൾക്ക് അറേഞ്ച്ചെയ്തു കൊടുത്തിട്ടാണ്.
ജയസൂര്യ – അനൂപ് മേനോൻ ചിത്രമായ ഹോട്ടൽ കാലിഫോർണിയയിൽ നടിയായി അഭിനയിക്കുന്ന ഹണി റോസിനെ ഒരു പണക്കാരനുവേണ്ടി രണ്ടുമണിക്കൂറിന് ഏർപ്പാടാക്കുന്നതു മറ്റൊന്നിനുമല്ല. കലാഭവൻ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചാലക്കുടിക്കാരൻ ചങ്ങാതിയിൽ രമേഷ് പിഷാരടിയുടെ പ്രൊഡക്ഷൻ കൺട്രോളർ എക്സ്ട്രാ നടിയോടു കാണിക്കുന്ന താത്പര്യം ഇതൊക്കെത്തന്നെ. നടിക്കു കൂട്ടായി അമ്മയുമുണ്ട്.
മുരളി ഗോപി, ഇന്ദ്രജിത്ത് എന്നിവർ മുഖ്യവേഷങ്ങളിലെത്തി വിവാദംസൃഷ്ടിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിൽ സീരിയൽ നടനും ഉയർന്ന പോലീസുദ്യോഗസ്ഥനുമായ സൂരജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം സീരിയൽ നടിയെ കണ്ടു വെള്ളമിറക്കുന്നു. അവളെ ശരിയാക്കിക്കൊടുക്കാൻ ഇന്ദ്രജിത്തിനോട് ആവശ്യപ്പെടുന്നുമുണ്ട്.
ആഷിക് അബു സംവിധാനംചെയ്ത ‘സോൾട്ട് ആൻഡ് പെപ്പർ’ എന്ന ചിത്രത്തിൽ രണ്ടെണ്ണം കാണാം ഇക്കിളി പരാമർശങ്ങൾ. ഒരു നായകനും സംഘവും വരുമ്പോൾ വഴിയിൽനിന്ന് വിഷ് ചെയ്ത പെൺകുട്ടിയുടെ നമ്പർ വാങ്ങിക്കാൻ നായകൻ കൂടെയുള്ളവരോട് പറയുന്നു. സംവിധായകനായി അഭിനയിക്കുന്ന ദിലീഷ് പോത്തൻ ശ്വേതാ മേനോനോട് തന്റെ എസ്റ്റേറ്റിലേക്കു പോകാമെന്നും സെക്സ് വേണമെന്നും തുറന്നു പറയുന്നുണ്ട്.
ഏറ്റവുമൊടുവിൽ പ്രദർശനത്തിനെത്തി വിജയംനേടിയ വർഷങ്ങൾക്കുശേഷം എന്ന വിനീത് – ധ്യാൻ -പ്രണവ് മോഹൻലാൽ ചിത്രത്തിലുമുണ്ട് നിർദോഷം എന്നു തോന്നിപ്പിക്കുന്ന നടീപീഡനം. സംഗീത സംവിധായകൻ ഷാൻ റഹ്മാന് അഭിനയിച്ച കാമരാജ് എന്ന കഥാപാത്രം നീതപിള്ളയെ കയറിപ്പിടിക്കുകയും ബലാൽക്കാരരത്തിനു ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കത്തികൊണ്ട് കുത്തിയാണ് നടി രക്ഷപ്പെടുന്നത്.
ശ്രീനിവാസൻ പറഞ്ഞപോലെ, അങ്ങനെ അങ്ങനെ അങ്ങനെ… ഇതെല്ലം ജനങ്ങൾക്കു മുന്നിലേക്ക് പടച്ചുവിട്ടതു ചലച്ചിത്രപ്രവർത്തകർ തന്നെയല്ലേ ? ഒന്നുകൂടി ചോദിച്ചാൽ മലയാളസിനിമകളിൽ കാണിച്ചിടത്തോളം ഇത്തരം രംഗങ്ങളിലും അശ്ലീലപരാമർശങ്ങളിലൂടെയും മറ്റൊരു ഭാഷയിലും നടിമാരെ കാണിച്ചിട്ടുണ്ടാകില്ല. അങ്ങനെയെല്ലാം ചിത്രീകരിക്കാൻ കാണിച്ച ധൈര്യം തങ്ങളുടെ സഹപ്രവർത്തകകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാണിച്ചിരുന്നെങ്കിൽ! അതുമല്ലെങ്കിൽ അവരുടെ അവസ്ഥ തുറന്നു സമ്മതിക്കാനെങ്കിലും തയാറായിരുന്നെങ്കിൽ…
വിനോദ് കൃഷ്ണൻ