തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്. കെഎഎസ് പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി.
സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.