ചാത്തന്നൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം മീഡിയത്തെ അപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധന. 24-25-ൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ആകെ കുട്ടികൾ 3287675. ഇതിൽ 1857560 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും 1399146 കുട്ടികൾ മലയാളം മിഡിയത്തിലും പഠിക്കുന്നു.
മലയാളം മീഡിയത്തിലുള്ളതിനേക്കാൾ 5 ലക്ഷത്തോളം കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതൽ. ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയും ഈ വ്യത്യാസം പ്രകടമാണ്. ഇക്കൊല്ലം പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 398040കുട്ടികളിൽ 154200 കുട്ടികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുമ്പോൾ 243840കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നാണ് പരീക്ഷ എഴുതുന്നത് . ഇംഗ്ലീഷ് മീഡിയത്തിൽ 89640 കുട്ടികൾ കൂടുതൽ.
2012ലെ സർക്കാർ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങണമെങ്കിൽ മലയാളം മീഡിയത്തിൽ ഒരു ഡിവിഷൻ എങ്കിലും ഉണ്ടായിരിക്കണം. ഇതിന്റെ മറവിൽ പലയിടത്തും മലയാളം മീഡിയത്തിലെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു സ്കൂളുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നു.
ഥാർത്ഥത്താൽ സർക്കാർ സ്ഥിതിവിവര കണക്ക് പ്രകാരമുള്ള കുട്ടികൾ സ്കൂളുകളിൽ ഇല്ല . പല സ്കൂളുകളിലും മലയാളം മീഡിയം ക്ലാസുകൾ തന്നെയില്ല.
കുട്ടികളുടെ പഠനം മാധ്യമ സംബന്ധിച്ച് ആന്റി കറപ്ഷൻ പീപ്പിൾസ് മുവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡനന്റ് ജി.ദിവാകരന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ ലഭിച്ചത്.
- പ്രദീപ് ചാത്തന്നൂർ