ബാഹുബലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുഷ്ക ഷെട്ടി. തെന്നിന്ത്യയുടെ സ്വീറ്റി ഷെട്ടി എന്നറിയപ്പെടുന്ന അനുഷ്കയുടെ ഹൃദയം കവർന്നിരിക്കുകയാണ് ഒരു മലയാള ഗാനം. യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു ഗാനം ആലപിച്ച ശ്വേത മോഹന്റെ ഫേസ്ബുക്ക് പേജിൽ അനുഷ്കയുടെ കമന്റ് എത്തിയത്.
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജും മിയയും നായികനായകന്മാരായി എത്തുന്ന ചിത്രമാണ് ബോബി. ബോബിയിലെ പതിയെ പതിയെ… എന്ന് തുടങ്ങുന്ന ഗാനമാണ് അനുഷ്ക ഷെട്ടിയുടെ മനം കവർന്നിരിക്കുന്നത്. ഷെബി തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബോബിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് റോണി റാഫേലാണ്. ഗാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്ന കമന്റ് ആണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.
വരികളേയും സംഗീതത്തേയും ഗായകരേയും പ്രശംസിച്ച അനുഷ്ക ഗാനരംഗത്ത് അഭിനയിച്ച നടീനടന്മാരേയും പ്രശംസിക്കുന്നുണ്ട്. ഹരിശങ്കറും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിശങ്കറിന്റെ ശബ്ദമാധുര്യത്തെ ഏറെ പ്രശംസിക്കുന്നുണ്ട് അനുഷ്ക. കുടുംബ പ്രേക്ഷകരെ ആകർഷിക്കും വിധം നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന പ്രണയ കഥയാണ് ബോബി. ചിത്രത്തിന്റെ പ്രിവ്യു കണ്ട ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ ചിത്രത്തെക്കുറിച്ച് മികച്ച് അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ചിത്രം ഉടൻ തിയറ്ററിലെത്തും.