കൊച്ചി: ചലച്ചിത്രതാരങ്ങൾ മലയാള ഭാഷയെ മറന്നു സംസാരിക്കരുതെന്ന് മന്ത്രി ജി. സുധാകരൻ. അഭിമുഖങ്ങളിൽ കഴിവതും മലയാളം പറയാൻ ശ്രമിക്കണം. മൂന്നരക്കോടി ജനങ്ങൾ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നതു കൊണ്ട് മലയാള ഭാഷയുടെ മഹത്വം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല്പതാമത് ഫിലിം ക്രിട്ടിക്ക്സ് അവാർഡ് വിതരണം ഗോകുലം കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റൂബി ജൂബിലി പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മന്ത്രി ജി. സുധാകരൻ സമർപ്പിച്ചു.
മന്ത്രി ജി. സുധാകരനെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ഓണക്കൂർ ആദരിച്ചു. തുടർന്ന് സിനിമയുടെ വിവിധരംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സംഗീത നൃത്തപരിപാടികളും അരങ്ങേറി.