അതിഥി ദേവോ ഭവ എന്നല്ലേ പറയുന്നത്. അന്യ സംസ്ഥാനത്ത് നിന്നും നമ്മുടെ നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് നമ്മുടെ മാതൃഭാഷ പഠിപ്പിക്കുന്നത് വലിയ കാര്യംതന്നെയാണ്. പറയാൻ എല്ലാവർക്കും അറിയാമെങ്കിലും എഴുതുന്നതിനാണ് പ്രയാസം. എന്നാൽ ഇനി കുറവിലങ്ങാട് പഞ്ചായത്തിലെ അതിഥി തൊഴിലാളികൾ മലയാളം പറയുക മാത്രമല്ല എഴുതുകയും ചെയ്യും.
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയത് 428 പേര്. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ തൊഴിലാളികളെ മൂന്നു മാസത്തിനുള്ളില്‍ മലയാളം പഠിപ്പിക്കുകയായിരുന്നു ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം.
അസം, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് പഠിതാക്കളില്‍ അധികവും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയ 502 പേരില്‍ 428 പേരാണു പരീക്ഷ എഴുതിയത്.
പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ പരിശീലകരാണ് പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഒഴിവുവേളകളും ഞായറാഴ്ചകളും പഠന ക്ലാസുകള്‍ക്കായി ഉപയോഗപ്പെടുത്തി.
തൊഴിലുടമകളുടെ സഹകരണത്തോടെയാണ് പഠന ക്ലാസുകള്‍ ക്രമീകരിച്ചത്. മികവുത്സവത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സംസ്ഥാന സാക്ഷരതാ മിഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും.