അര്‍ഹിക്കുന്നവരെന്ന് തോന്നിയാല്‍ വാരിക്കോരി കൊടുക്കാന്‍ മടി കാട്ടാത്തവരാണ് മലയാളികള്‍ എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തിയ്ക്കാണ് മലയാളികള്‍ കയ്യറിഞ്ഞ് സഹായം എത്തിച്ചിരിക്കുന്നത്.
‘പടച്ചോന് കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല. പണിയെടുത്ത് ജീവിക്കാനല്ലേ…’എന്ന ചോദ്യമാണ് കൈയ്ക്കും കാലിനും സ്വാധീനക്കുറവുള്ള, കാഴ്ച അമ്പത് ശതമാനത്തില്‍ താഴെ മാത്രമുള്ള ഉനൈര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചതെന്നും പറയാം. ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ട് മനസലിവ് തോന്നിയ യുവാക്കന്മാരോടാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ യുവാക്കള്‍ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് സോഷ്യല്‍ ലോകത്ത് വൈറലായതും.
നന്മയുള്ള ഒരു സന്ദേശം ലോകത്തിന് നല്കിയപ്പോള് അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്കും നന്മ കടന്നു വരികയായിരുന്നു. സോഷ്യല്‍ ലോകത്ത് വൈറലായ ആ വിഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മലയാളികള്‍ അയച്ചുനല്‍കിയത് 50 ലക്ഷം രൂപയാണ്. ഇതില്‍ 20 ലക്ഷം രൂപ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ് ഉനൈര്‍. ബാക്കി പണം കൊണ്ട് കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികിത്സയും ഒരു വീടും വയ്ക്കണമെന്നാണ് ഉനൈറിന്റെ മോഹം.
ഒരു ഊന്നുവടിയുടെ സഹായത്തോടെ ഈ മനുഷ്യന് ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യില്‍ പപ്പടക്കെട്ടുമായി. ദിവസം മുന്നൂറ് രൂപ വരെ കിട്ടും. എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്.
മുന്‍പ് ഉമ്മ ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മയ്ക്ക് കാന്‍സറാണ്. അതുകൊണ്ട് ഉമ്മ ജോലിക്ക് പോകുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കള്‍ക്ക് അന്ന് ഉനൈര്‍ നല്കിയ മറുപടി ഇങ്ങനെ. ‘പടച്ചോന് നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ടുതന്നെ ജീവിക്കുകയാണ്..’ പണമൊക്കെ കിട്ടിയെങ്കിലും ഇനിയും അധ്വാനിച്ച് ജീവിക്കാന്‍ തന്നെയാണ് ഉനൈറിന്റെ തീരുമാനം.