തിരൂർ: കോണ്‍ഗ്രസും മുസ്്ലിം ലീഗുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഉപവാസ സമരം നടത്തിയതിനെ തുടർന്ന് കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയ പൊൻമുണ്ടം മണ്ഡലം കോണ്‍ഗ്രസ് മുൻ എക്സിക്യൂട്ടീവ് അംഗം യൂനുസ് സലീം പുതിയ പാർട്ടിയുമായി രംഗത്ത്. ‘മലയാളി കോണ്‍ഗ്രസ്’ എന്ന പാർട്ടി രൂപീകരിച്ച് പൊന്നാനിയിൽ മത്സരിക്കുമെന്നു യൂനസ് സലീം പ്രഖ്യാപിച്ചു. തിരൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ കോണ്‍ഗ്രസ് പ്രവർത്തകനായ യൂനുസ് സലീം മത്സരിക്കുമെന്നു അറിയിച്ചിരിക്കുന്നത്.
മുസ്ലിം ലീഗുമായുള്ള മുന്നണി ബന്ധം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഈ മാസം 21നു യൂനുസ് സലീം വൈലത്തൂരിൽ ഉപവാസ സമരം നടത്തിയിരുന്നു. ഉപവാസ സമരത്തിനു പിന്നാലെ പാർട്ടിയിൽ നിന്നു യൂനുസ് സലീമിനെ പുറത്താക്കുകയും ചെയ്തു. . ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിയുമായി കടന്നുവന്നതെന്നും പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും യൂനുസ് പറഞ്ഞു.
15 വികസന പദ്ധതികൾ മുന്നോട്ടുവച്ചാണ് പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്നതെന്നു യൂനുസ് സലീം പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയാണ് പ്രവർത്തനം. തുടർന്ന് വിദ്യാർഥി യുവജന സംഘടനകൾ രൂപീകരിച്ച് പ്രവർത്തനം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കാനാണ് മലയാളി കോണ്‍ഗ്രസിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ചോലയിലും അബുഹനീഫ ചുള്ളിയിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.