ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കിയത് അധ്യാപകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന്; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…

ചെന്നെ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണം അധ്യാപകന്റെ മാനസിക പീഡനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയും കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സബിതയുടെയും മകളുമായ ഫാത്തിമ ലത്തീഫാ(18)ണു ജീവനൊടുക്കിയത്.

എട്ടാം തിയതി രാത്രി 11.30-നാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹപാഠികള്‍ എത്തുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തു ആത്മഹത്യ ചെയ്തെന്നാണു രക്ഷിതാക്കള്‍ക്കു വിവരം ലഭിച്ചത്. എന്നാല്‍ ഫാത്തിമ തന്റെ മൊെബെല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍ ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

തന്റെ മരണത്തിനു കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൊല്ലം കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബുവും ഫാത്തിമയുടെ കുടുംബ സുഹൃത്തായ ഷൈനും ഫാത്തിമയുടെ സഹോദരി ഐഷാ ലത്തീഫും ചൈന്നെ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി എത്തിയപ്പോഴാണു ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ഫോണില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

എന്നാല്‍ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് പോലീസിന്റെ കൈകളിലായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്കയും രക്ഷിതാക്കള്‍ക്കുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. തമിഴ്നാട് സര്‍ക്കാരിനെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജാതി വിവേചനവും തന്റെ മകളെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നു പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

മാര്‍ക്ക് കുറഞ്ഞതു കൊണ്ടാണ് ഫാത്തിമാ ജീവനൊടുക്കിയതെന്നാണ് തമിഴ്നാട് പോലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ആദ്യ സെമസ്റ്റര്‍ പരീക്ഷ ഡിസംബറില്‍ നടക്കാനിരിക്കെയാണ് തമിഴ്നാട് പോലീസ് തെറ്റിദ്ധരിപ്പിച്ചത്. ലോജിക് സബ്ജക്ടില്‍ നടന്ന ഇന്റേണല്‍ പരീക്ഷയില്‍ 20 മാര്‍ക്കില്‍ 13 മാര്‍ക്ക് വാങ്ങിയ ഫാത്തിമ ഒന്നാമതായിരുന്നു. 11 മാര്‍ക്കാണ് രണ്ടാം സ്ഥാനം. 18 മാര്‍ക്കിനുള്ള ഉത്തരം എഴുതിയത് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നു. ചെന്നെ ഐ.ഐ.ടിയില്‍ ഈ വര്‍ഷം മരിച്ച നാലാമത്തെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ. ഇരട്ട സഹോദരി ഐഷ, മറിയം എന്നിവരാണ് ഫാത്തിമയുടെ സഹോദരങ്ങള്‍. കേസ് തമിഴ്‌നാട്ടിലായതിനാല്‍ സംഭവം അട്ടിമറിക്കപ്പെടുമോയെന്ന സംശയവും ശക്തമാണ്.

Related posts