സ്ഥാപനം വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടാല്‍ നൈസായി അടുത്തു കൂടും; പിന്നെ ജോലിക്കാരനായി ഒരു മാസം കടയില്‍ നിന്ന് വിശ്വാസം പിടിച്ചു പറ്റും; കണ്ണൂരുകാരന്‍ ഗള്‍ഫ് മലയാളികളുടെ പണം തട്ടിയത് ഇങ്ങനെ…

ഖോര്‍ഫക്കാന്‍: തൃശൂര്‍ ചാവക്കാട് സ്വദേശി കെ.മുസ്തഫയുടെ കൈയ്യില്‍ നിന്നും 65000 ദിര്‍ഹം തട്ടിച്ച കണ്ണൂര്‍ സ്വദേശി പയറ്റിയത് തട്ടിപ്പിന്റെ പുതുതന്ത്രം. സ്ഥാപനം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ പത്രങ്ങളില്‍ പരസ്യം നല്‍കിയതാണ് വിനയായത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോണ്‍ എത്തിയത് ഈ പരസ്യം കണ്ടായിരുന്നു. തനിക്ക് സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ മുസ്തഫ ഇയാളെ കടയിലേയ്ക്ക് ക്ഷണിച്ചു. കട കണ്ട് ഇഷ്ടപ്പെട്ട ഇയാള്‍ പ്രതിമാസം എത്ര ദിര്‍ഹമിന്റെ വ്യാപാരം നടക്കുന്നുണ്ട് എന്നറിയാന്‍ ഒരു മാസം കടയില്‍ നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മുസ്തഫ അനുവദിച്ചു. ഇത് ചതിയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ മാസം നാലിന് മുഹമ്മദ് ബഷീര്‍ കടയിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കടയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. രാവിലെ കട തുറക്കുന്നത് മുതല്‍ രാത്രി അടക്കുന്നത് വരെ അവിടെ തുടര്‍ന്നു. മുസ്തഫയ്ക്കും ജീവനക്കാര്‍ക്കുമൊപ്പമായി താമസം. അന്നത്തെ വരുമാനം എവിടെ സൂക്ഷിച്ച് വയ്ക്കുന്നത് എന്നും കണ്ടെത്തി. പറഞ്ഞ കച്ചവടം ലഭിക്കുന്നുണ്ട് എന്ന് മനസിലായെന്നും താന്‍ കട വാങ്ങിക്കാന്‍ തീരുമാനിച്ചതായും മുഹമ്മദ് ബഷീര്‍ അറിയിച്ചു. മറ്റു ചിലരില്‍ നിന്ന് കിട്ടാനുള്ള പണം കിട്ടിക്കഴിഞ്ഞാല്‍ കട ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുന്നോട്ട് നീക്കാം എന്നും ഇയാള്‍ പറഞ്ഞു.

കടയുടെ ലൈസന്‍സ് പുതുക്കാന്‍ വേണ്ടി സ്‌പോണ്‍സര്‍ക്ക് നല്‍കാനുള്ള 35,000 ദിര്‍ഹം 24ന് രാത്രി മുസ്തഫ കടയില്‍ സൂക്ഷിച്ചുവച്ചു. രാത്രി കടയടച്ച് എല്ലാവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ കടയിലെത്തി നോക്കിയപ്പോഴാണ് ലൈസന്‍സ് പുതുക്കാനുള്ള 35,000 ദിര്‍ഹം, തലേന്നത്തെ വരുമാനം എന്നിവ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. പിന്നീട് ബഷീറിനേയും കാണാനില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ബഷീറിന്റെ ബന്ധുക്കള്‍ യുഎഇയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.

പണം തിരിച്ചു കിട്ടാന്‍ ഇടപെടാമെന്ന് ആദ്യം ഉറപ്പു നല്‍കിയ ബന്ധുക്കള്‍ പിന്നെ ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്ന് മുസ്തഫ സിസിടിവി ദൃശ്യങ്ങളടക്കം തട്ടിപ്പുകഥ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇതു കണ്ട് ഖത്തറില്‍ നിന്നടക്കം ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ വിളിച്ച് തങ്ങളും ഇതേ രീതിയില്‍ മുഹമ്മദ് ബഷീറിന്റെ തട്ടിപ്പിനിരയായതായി പറയുകയും ചെയ്തു. ഇതോടെ മുഹമ്മദ് ബഷീറിനെ ഏതുവിധേനയും അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് ഖോര്‍ഫക്കാന്‍ പോലീസ്.

 

Related posts