തലശേരി: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ (24) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേർളി കേന്ദ്ര സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകി.
വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മുന്നോട്ടുപോകുമെന്നും ഷേർളി രാഷ്ട്ര ദീപികയോട് പറഞ്ഞു.
മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു.
ഈ യൂണിവേഴ്സിറ്റിയിൽനിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട് സ്വദേശിയായ ഒരു പെൺകുട്ടിക്കും മുൻവർഷങ്ങളിൽ നാലുകുട്ടികൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.
വെള്ളക്കെട്ടിനു സമീപം മകൾ സാധാരണ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം ലഭിച്ചിരുന്നു. മറ്റുള്ളവർ സ്വിമ്മിംഗ് ഡ്രസിലായിരുന്നു. ചിത്രത്തിൽ മകളുടെ കാൽപാദം മാത്രമാണ് നനഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മറ്റു കുട്ടികൾക്കു വന്ന ചില ഫോൺ കോളുകളും ദുരൂഹത ഉളവാക്കുന്നതാണ്.
സഹപാഠികളിൽ ചിലരുടെ അമിത മദ്യപാനം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ മകൾ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ യൂണിവേഴ്സിറ്റി ഡയറക്ടർ ഉൾപ്പെടെയുള്ളവർ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേർളി ആരോപിച്ചു.
സംഭവം നടന്നശേഷം കുട്ടികളെ താൻ വിളിച്ചുചോദിച്ചപ്പോൾ പറ്റിപ്പോയി എന്നാണ് ആദ്യം പറഞ്ഞതെന്ന് ആ അമ്മ വേദനയോടെ പറയുന്നു. തന്റെ മകളെ നിർബന്ധിച്ച് കൊണ്ടുപോയതാണ്.
വരുന്നില്ല എന്നവൾ പറഞ്ഞത് മറ്റൊരു കുട്ടി കേട്ടതാണ്. ആ സഹപാഠി തന്നോട് ഇക്കാര്യം പറഞ്ഞതായി മാതാവ് ഷേർളി പറയുന്നു. പറ്റിപ്പോയി എന്ന് എന്നോട് പറഞ്ഞ കുട്ടികൾ അവളുടെ കൂടെ പോകാതിരുന്നവരാണെന്നും ഷേർളി പറഞ്ഞു.
കഴിഞ്ഞ ജൂൺ 24 നാണ് പ്രത്യുഷ ഉൾപ്പെടെ രണ്ട് കുട്ടികൾ തടാകത്തിൽ മരിച്ചത്. എട്ടു കുട്ടികളാണു സംഘത്തിൽ ഉണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവർ. സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായിരുന്നു ഇവർ. കഴിഞ്ഞമാസം നാട്ടിലേക്കു വരാനിരിക്കെയാണ് പ്രത്യുഷയുടെ മരണം.