തന്നെ ഓല ഷെയര്‍ ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് മലയാളി യുവതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയാണ് തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സുകന്യയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, ഡ്രൈവര്‍ ജഗദീഷിനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോറമംഗലയില്‍ നിന്നു മഡിവാളക്ക് പോകുന്നതിനായി സുകന്യ ഇന്നലെ രാത്രി ഓല ഷെയര്‍ ക്യാബ് ബുക്ക് ചെയ്തിരുന്നു.പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് സുകന്യ പറയുന്നതിങ്ങനെ…
‘ഒലാ മണി ആണെങ്കില്‍ പറ്റില്ല. ഞാന്‍ ക്യാന്‍സല്‍ ചെയ്യും. അല്ലെങ്കില്‍ ആ പണം ക്യാഷ് ആയോ പേടിഎം ട്രാന്‍സ്ഫര്‍ ആയോ തന്നാല്‍ ട്രിപ്പ് തുടങ്ങാം.’ എന്ന് ഡ്രൈവറുടെ മറുപടി. ‘അത് പറ്റില്ല, ഈ യാത്രക്കാവശ്യമായ പണം ഞാന്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഒരു യാത്രക്ക് രണ്ട് തവണ പണമടക്കാന്‍ എനിക്ക് കഴിയില്ല.’ എന്ന് വ്യക്തമായി ഞാന്‍ മറുപടി നല്കി. ‘അത് സാരമില്ല, ഈ ട്രിപ്പ് ഞാന്‍ ക്യാന്‍സല്‍ ചെയ്യാം, എന്നിട്ട് നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്ത് ഞാന്‍ എത്തിക്കാം. പകരം നോര്‍മല്‍ കാര്‍ റേറ്റ് തന്നാല്‍ മതി.’ എന്ന് അയാള്‍ പറഞ്ഞു…
വര്‍ഷങ്ങളായി ഒലായില്‍ യാത്ര ചെയ്ത് പരിചയമുള്ളതിനാല്‍, ‘ഷെയര്‍ ക്യാബില്‍ അത്തരമൊരു യാത്ര സാധ്യമല്ല.’ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. കാരണം… ഒലാ ആപ്പില്‍, സിസ്റ്റം നിശ്ചയിച്ചു നല്കുന്ന വഴികളില്‍ കൂടി തന്നെ അയാള്‍ക്ക് പോകേണ്ടി വരും. അങ്ങനെ പോകുമ്പോള്‍ അടുത്ത ബുക്കിംഗ് വരും. അങ്ങനെ പിക്കപ്പും ഡ്രോപ്പും തുടരുന്ന ഒരു രീതിയാണ് ഒലാ ഷെയര്‍. അല്ലെങ്കില്‍ അയാള്‍ ‘ഓഫ് ഡ്യൂട്ടി’ പോയ ശേഷം ഇത്തരം ഒരു പ്രവൃത്തി ചെയ്യണം. എന്റെ പിക്കപ്പിന് ശേഷം, അയാള്‍ക്ക് ഇനിയും രണ്ട് പിക്കപ്പുകള്‍ ഉള്ളത് ഫോണില്‍ തന്നെ എനിക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. ഒരു തര്‍ക്കം രൂപപ്പെട്ടതിനാല്‍, ഞാന്‍ ഒലായുടെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചു. സുകന്യ പറയുന്നു.
എന്നാല്‍ യുവതി കസ്റ്റമര്‍കെയറിലേക്ക് വിളിച്ചത് ടാക്സി ഡ്രൈവര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. തുടര്‍ന്ന് തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും വണ്ടി നിര്‍ത്താതെ ഊടുവഴികളിലൂടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നതായും സുകന്യ പറയുന്നു. സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ച് ആള്ക്കാരെക്കൂട്ടിയാണ് താന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും സുകന്യ പറഞ്ഞു. ഒടുവില്‍ രാത്രിയോടെ സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാത നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ടാക്സി ഡ്രൈവറെ വിളിച്ചു വരുത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നും സുകന്യ പറയുന്നു.