ദുബായിലേക്ക് വിമാനം കയറിയത് പാചകക്കാരിയുടെ ജോലിക്കായി; അവിടെയെത്തിയപ്പോള്‍ ഏജന്റ് നിര്‍ബന്ധിച്ചത് മറ്റൊരു ജോലിയ്ക്ക്; കൊടുംപീഡനമനുഭവിച്ച മലയാളി വീട്ടമ്മ രക്ഷപ്പെട്ടത് ഇങ്ങനെ…

ദുബായ്:ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഗള്‍ഫില്‍ അകപ്പെടുന്ന സ്ത്രീകളുടെ കഥകള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. അത്തരമൊരു ജീവിതകഥയാണ് മലയാളി വീട്ടമ്മ റസിയയ്ക്കും പറയാനുള്ളത്. വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലാവുകയും ആത്മധൈര്യം കൊണ്ടു മാത്രം രക്ഷപ്പെടുകയും ചെയ്ത എറണാകുളം പള്ളുരുത്തി സ്വദേശിനി റസിയാ അസീസി(42)ന് ഒടുവില്‍ തുണയായത് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12നായിരുന്നു റസിയ യുഎഇയിലെത്തിയത്. നാട്ടുകാരനായ അസീസ് എന്നയാള്‍ നല്‍കിയ സന്ദര്‍ശക വീസയില്‍ ഡല്‍ഹിയില്‍ നിന്ന് മലയാളികളടക്കം മറ്റു 15 സ്ത്രീകളോടൊപ്പം യുഎഇയിലേയ്ക്ക് വിമാനം കയറുകയായിരുന്നു. ദുബായില്‍ ഡോക്ടറുടെ വീട്ടില്‍ പ്രതിമാസം 30,000 രൂപ ശമ്പളത്തിന് പാചകക്കാരിയുടെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് 25,000 രൂപ ഏജന്റ് ആവശ്യപ്പെട്ടതില്‍ 10,000 രൂപ നല്‍കി. ബാക്കി ശമ്പളത്തില്‍ നിന്ന് പിടിക്കാനായിരുന്നു കരാര്‍.

എന്നാല്‍ ദുബായിലെത്തിയതോടെ ഏജന്റിന്റെ മട്ടുമാറി. പാചകജോലിയ്ക്കു പകരം കഠിനമായ വീട്ടുജോലിയ്ക്കായിരുന്നു ഇവരെ നിയോഗിച്ചത്. ഒരു കാലിന് അല്‍പം സ്വാധീനക്കുറവുള്ള റസിയ ഈ ജോലി ചെയ്യാന്‍ വിമുഖത കാണിച്ചെങ്കിലും ഏജന്റ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചു. വീട്ടുടമയുടെ പീഡനവും കൂടിയായപ്പോള്‍ ഇവര്‍ ശാരീരികമായും മാനസികമായും തകര്‍ന്നു. ഒടുവില്‍ ഒരു വീട്ടില്‍ നിന്ന് ആരുമറിയാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

റോഡരികില്‍ നിന്ന് കടന്നുപോകുന്ന വാഹനങ്ങള്‍ക്കൊക്കെ കൈ കാണിച്ചപ്പോള്‍ മലയാളിയുടെ കാര്‍ നിര്‍ത്തി. റസിയയുടെ ദുരിത കഥ ചോദിച്ചറിഞ്ഞ കാറുടമ അവരെ ഷാര്‍ജയിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. അദ്ദേഹം വഴി പിന്നീട് സാമൂഹിക പ്രവര്‍ത്തകരായ ഷാജി എടശ്ശേരി, ഉമറുല്‍ ഫാറൂഖ് ചെര്‍പുളശ്ശേരി എന്നിവരെ ബന്ധപ്പെടുകയായിരുന്നു. ഔട്ട്പാസ് സംഘടിപ്പിച്ച് റസിയയെ നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ഇവരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

എട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് റസിയയെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീടുള്ള നാളുകളിലെ കഠിനാധ്വാനം കൊണ്ട് അവര്‍ മൂന്നു മക്കളില്‍ മൂത്ത മകളെ വിവാഹം കഴിച്ചയച്ചു. ആ വിവാഹത്തിന്റെ ബാധ്യത തീര്‍ക്കാനായിരുന്നു ഈ ഗള്‍ഫ് പരീക്ഷണത്തിന് മുതിര്‍ന്നത്. അവിവാഹിതയായ രണ്ടാമത്തെ മകള്‍ക്ക് 23 വയസുണ്ട്. ഇളയ മകന്‍ വിദ്യാര്‍ഥിയാണ്. ജീവിതം വഴി മുട്ടിയതിനാല്‍ നാട്ടില്‍ ചെന്ന് വൃക്ക വില്‍ക്കാനുള്ള റസിയയുടെ തീരുമാനം തങ്ങളിടപെട്ട് വിലക്കിയതായി ഷാജി എടശ്ശേരി പറഞ്ഞു. ശ്രീലങ്കക്കാരിയായ ഒരു പെണ്‍കുട്ടിയെയും കഴിഞ്ഞാഴ്ച മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിരുന്നു.

 

Related posts