സ്വന്തം ലേഖിക
കൊച്ചി: കറുകുറ്റി പാലിശേരി ചേരാമ്പിളളി വീട് ഇനി പോലീസ് കുടുംബം. ഇവിടെ അച്ഛന് കേരള പോലീസിലും മകന് കാനഡ പോലീസിലും എന്ന അപൂര്‍വ സവിശേഷതയാണ് ഈ കുടുംബത്തിന് ഉള്ളത്.
നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സി.ടി.ഷൈജുവും മകന് ഷോണ്‍ സി. ഷൈജുവുമാണ് ഈ അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഷോണ്‍ ഒന്റാരിയോ പ്രോവിന്‍സ് പോലീസില്‍ ചുമതലയേറ്റത്.
ഒന്റാരിയോയില്‍ ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഷോണ്‍. എട്ടോളം പരീക്ഷകള്‍ പാസായാണ് കാനഡ പോലീസില്‍ ജോലി നേടിയത്. പിന്നാലെ ആറ് മാസത്തെ പരിശീലനവും പൂര്‍ത്തിയാക്കി.
ഒന്റാരിയോ ബാക്രോസ്റ്റിലാണ് ഷോണിന്റെ ആദ്യ നിയമനം.തുറവൂര്‍ മാര്‍ അഗസ്റ്റിന് സ്കൂളിലെ ആദ്യ ബാച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയായിരുന്ന ഷോണ്‍ പ്ലസ്ടുവിനുശേഷമാണ് കാനഡയിലേക്ക് പോയത്. ആറു വര്‍ഷമായി അവിടെയാണ് താമസം.
ഷൈജുവും മകനെപ്പോലെ തന്നെ 24-ാം വയസിലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. കുട്ടിക്കാലം മുതല്‍ മകന് പോലീസ് സേനയോട് താല്പര്യമുണ്ടായിരുന്നുവെന്ന് അമ്മ സിപ്സി പറഞ്ഞു.
ഷോണിന്റെ മുത്തച്ഛനും എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു. ഷൈജു കഴിഞ്ഞ 29 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമാണ് . ഷോണിന്റെ സഹോദരി മിലാഷ കാനഡയില്‍ ഡിഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ്.