ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.
ഐഎസിലെ സ്ത്രീകള്‍ക്ക് ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം.
ഐഎസില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും.
ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്.
എന്നാല്‍ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജന്‍സി പറയുന്നു. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്.
അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ ലഭിച്ചതെന്നും ഇന്ത്യയില്‍ കൊണ്ടു വന്നു നിയമനടപടി തുടരാമായിരുന്നുവെന്നും നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചു.
മകള്‍ ഇപ്പോഴും ഐഎസ് അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ സ്വീകരിക്കേണ്ടതെന്ന നിലപാട് നേരത്തേ ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരുന്നു. ഇതേ നിലപാട് ഇന്ത്യയും പിന്തുടരുമെന്നാണു സൂചന.
ഐഎസ് ഭീകരരെ വിവാഹം ചെയ്യാനായി നാടുവിട്ട സ്ത്രീകളോ അവരുടെ കുട്ടികളോ രാജ്യത്തേക്കു മടങ്ങിവരാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചത്.
ഈ കീഴ്വഴക്കം ഇന്ത്യയും പിന്തുടരുകയാണെങ്കില്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതകള്‍ക്കു നാട്ടിലെത്താന്‍ നിയമപരമായ മറ്റു വഴികളുണ്ടോ എന്നതും ചര്‍ച്ചയാകും.
ഐഎസില്‍ ചേരാനായി ബ്രിട്ടനില്‍ നിന്നു സിറിയയിലേക്കു പോയ ഭര്‍ത്താവിനെ അനുഗമിച്ച ഷമിമ ബീഗത്തിന്റെ (21) പൗരത്വം 2019ല്‍ ബ്രിട്ടന്‍ റദ്ദാക്കിയിരുന്നു.
തനിക്കു മാപ്പു നല്‍കണമെന്നും മടങ്ങാന്‍ അനുവദിക്കണമെന്നും ബംഗ്ലാദേശ് വംശജയായ ഷമിമ ടിവിയിലൂടെ അഭ്യര്‍ത്ഥിച്ചതു ബ്രിട്ടനില്‍ വലിയ ചര്‍ച്ചയായിരുന്നു.
പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളില്‍ ഷമിമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹര്‍ജി തള്ളി. ബംഗ്ലാദേശും ഇവരെ സ്വീകരിച്ചില്ല. ഇതേ ഗതിയാവുമോ മലയാളി പെണ്‍കുട്ടികള്‍ക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.