വൈക്കം: യുകെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിച്ചേക്കും.
അവസാനഘട്ട നടപടികൾ പൂർത്തിയായി വരികയാണെന്നും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും സഹകരണത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഊർജിതമായി നടക്കുന്നതെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴിക്കാടൻ എംപി, ചലച്ചിത്രനടനും രാജ്യസഭ എംപി യുമായ സുരേഷ് ഗോപി തുടങ്ങിയ വരും നടപടിക്രമങ്ങൾ ഏകോപിപ്പിക്കാനായി ഇടപ്പെട്ടുവരികയാണ്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാന്പത്തിക ചെലവ് ഇന്ത്യൻ എംബസിയും നോർക്കയും ചേർന്നു നിർവഹിച്ചില്ലെങ്കിൽ മലയാളി അസോസിയേഷൻ സ്വന്തം നിലയ്ക്ക് ചെലവുകൾ നിർവഹിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റ ഉദയനാപുരം ഇത്തിപ്പുഴയിലെ വീട്ടിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. വീട്ടിൽ അര മണിക്കൂറോളം ചെലവഴിച്ച സുരേഷ് ഗോപി അഞ്ജുവിന്റ പിതാവ് അശോകനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്.