ശ്രീകണ്ഠപുരം (കണ്ണൂർ): പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ 10 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു.
ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സംഭവത്തിൽ നോർത്താംപ്റ്റൺഷെയർ പോലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ അഞ്ജു വിവാഹശേഷം പടിയൂരായിരുന്നു താമസം.