മണിപ്പുര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇംഫാലില്‍നിന്ന് സര്‍വകലാശാലയുടെ സഹായത്തോടെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം കോല്‍ക്കത്ത വഴി ബംഗളൂരുവിലെത്തിക്കാനാണു നീക്കം. പിന്നീട് വ്യോമമാര്‍ഗം തന്നെ ഇവരെ നാട്ടിലെത്തിക്കും.
ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍വകലാശാലയിലെ ഒന്‍പത് വിദ്യാര്‍ഥികളെയാണ് നാട്ടിലെത്തിക്കുക. വിമാന ടിക്കറ്റടക്കം സര്‍ക്കാര്‍ ഇവര്‍ക്ക് കൈമാറിയതായി കേരളസര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് അറിയിച്ചു.
നാട്ടിലെത്താന്‍ തയാറെടുക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികളെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കലാപബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ സൈന്യത്തെയും അര്‍ധസൈനികവിഭാഗങ്ങളെയും സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു.
ഗുരുതര സാഹചര്യത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന ഉത്തരവ് തുടരുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ സാഹചര്യം നേരിട്ട് വിലയിരുത്തി.
സംഘർഷം പടർന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഘർഷസാധ്യത മുൻകൂട്ടി കാണാനോ, വേഗത്തിൽ ഇടപെടാനോ കഴിഞ്ഞില്ല. ഇടഞ്ഞു നിൽക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളെ സമാധാന ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വിലയിരുത്തലുണ്ട്.