
മുക്കം: ലോക്ക്ഡൗൺ മൂലം മേഘാലയയിലും അസമിലും കുടുങ്ങിയ 21 മലയാളി വിദ്യാർഥികൾ രാഹുൽ ഗാന്ധി എംപിയുടെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു.
നാട്ടിലേക്ക് വരാൻ മാർഗമില്ലാതെ കുടുങ്ങിയ ഇവരുടെ വിവരം പെൻഷനേഴ്സ് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് വിനയദാസ്, രാഹുൽ ഗാന്ധിയുടെ മുക്കം ഓഫിസിലേക്ക് അറിയിക്കുകയായിരുന്നു.
മുക്കം ഓഫീസ് ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ബൈജുവിന് വിഷയം കൈമാറി. ബൈജു വിദ്യാർഥികളുമായി ബന്ധപ്പെട്ടു വിഷയങ്ങൾ ചോദിച്ചറിഞ്ഞു. നാട്ടിലേക്ക് ബസിൽ പോവാൻ ആവശ്യമായ പണം കുട്ടികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
ശേഷം രാഹുൽ ഗാന്ധി എംപിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ട് മേഘാലയയിൽ നിന്നുള്ള കോൺഗ്രസ് എംപി വിൻസെന്റ് എച്ച് പാലാ വഴി രണ്ട് ലക്ഷം രൂപ ബസിന്റെ ചിലവിലേക്ക് നൽകുകയായിരുന്നു. വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും.