കണ്ണൂർ: റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ച മുഴപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ (24)യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. നോർക്ക വഴി ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നാളെ വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകും. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ഷേർളി ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
റഷ്യയിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്നു പ്രത്യുഷ. മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം താമസിക്കുന്ന പരേതനായ പ്രബനൻ-സി.എം. ഷേർളി ദന്പതികളുടെ ഏകമകളാണ്.
ഓഗസ്റ്റിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. രണ്ടു ദിവസം മുന്പ് അമ്മ ഷേർളിയെ ഫോണിൽ വിളിച്ചപ്പോൾ ഒരു തടാകം കാണാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നു.
തടാകം കാണാൻ പ്രത്യൂഷയുൾപ്പെടെ അഞ്ചു പേരാണ് പോയതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇതിൽ പ്രത്യുഷയുൾപ്പെടെ മൂന്നുപേർ മരിച്ചുവെന്ന് മെഡിക്കൽ കോളജിലെ ഒരു ഡോക്ടറും പ്രത്യുഷയുടെ കൂടെ പഠിക്കുന്ന ഒരു സുഹൃത്തും ബന്ധുക്കളെ അറിയിച്ചു.