കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സാൻ മറ്റെയോ പോലീസ്. പട്ടത്താനം വികാസ് നഗർ സ്റ്റേഹയിൽ ആനന്ദ് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ മക്കൾ നോഹ, നെയ്ഥൻ (നാല് ) എന്നിവരുടെ മരണം സംബന്ധിച്ചാണ് പോലീസ് കൂടുതൽ സ്ഥിരീകരണം നടത്തിയിട്ടുള്ളത്.
തിങ്കളാഴ്ചയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊലപാതകം നടന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കുകയായിരുന്നു വെന്നും പോലീസ് കൃത്യമായി സ്ഥിരീകരിക്കുന്നു.
ഭാര്യ ആലീസിനെ നിരവധി തവണ വെടിവച്ച് മരണം ഉറപ്പാക്കിയ ശേഷം ആനന്ദ് സ്വയം നെറ്റിയിൽ നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് സാൻമെറ്റോ പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ആനന്ദിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ മക്കളുടെ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കാൻ വൈകുന്നത് തന്നെയാണ് പ്രധാന കാരണം. മരണത്തിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്തുന്ന കാര്യത്തിലും സഹായകമായ ഒരു തുമ്പും പോലീസിന് മുന്നിൽ ഇല്ല. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്.
കൊല്ലത്ത് നിന്ന് കുടുംബം ആദ്യം യുഎസിൽ എത്തിയത് ന്യൂജേഴ്സിയിലാണ്. പിന്നീടാണ് കാലിഫോർണിയയിലേയ്ക്ക് താമസം മാറ്റിയത്. ഇപ്പോൾ താമസിക്കുന്നത് വളരെ വില കൂടിയ വീട്ടിലാണ്. അതുകൊണ്ട് തന്നെ ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് പോലീസിന്റെ അനുമാനം.
കുടുബ വഴക്ക്, ഗാർഹിക പീഡനം എന്നിവ വല്ലതും ഉണ്ടാകാനുള്ള സാധ്യതയാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്ന മറ്റൊരു കാര്യം. എന്നാൽ ഇത് സംബന്ധിച്ച ഒരു സൂചനകൾ പോലും ലഭിക്കുന്നില്ല. ഇത്തരത്തിൽ ഇവരുടെ വീട്ടിൽ നിന്ന് ഒരു പരാതിയും നാളിതുവരെയും പോലീസിൽ ലഭിച്ചിട്ടുമില്ല.
ദമ്പതികൾ കുട്ടികളെ നോക്കാനായി ഒരു സ്ത്രീയെയും ഏർപ്പാടാക്കിയിരുന്നു. ഇവരുടെയും സമീപത്ത് താമസിക്കുന്നവരുടെയും മൊഴികൾ പോലീസ് ശേഖരിച്ചുവെങ്കിലും അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. 2016-ലാണ് ഇരുവരും വിവാഹ മോചനത്തിന് ശ്രമം നടത്തിയത്.
അതിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ശേഷമാണ് ഇരട്ടക്കുട്ടികൾ പിറന്നത്. പിന്നീട് വിവാഹ മോചന നീക്കം ഇരുവരും ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സാൻ മറ്റെയോ പോലീസ് ഇന്ത്യൻ എംബസി വഴി നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമം നടത്തിവരികയാണ്.
മരണ വിവരം അറിഞ്ഞ് ബന്ധുക്കളിൽ ചിലർ കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ എത്തിയിട്ടുണ്ട്. ഇവരിൽ നിന്നും പോലീസ് വിവരങ്ങൾ ആരാഞ്ഞു. മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. കുട്ടികളുടെ മരണകാരണം സ്ഥിരീകരിക്കാത്തതിൽ മൃതദേഹങ്ങൾ വിട്ടു കിട്ടാൻ വൈകുമെന്നാണ് അറിയുന്നത്.
ദുരൂഹ മരണങ്ങൾ ആയതിനാൽ യുഎസിലെ നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇതിന് പരമാവധി പത്ത് ദിവസം വരെ എടുത്തേക്കാമെന്നാണ് അവിടെയുള്ള മലയാളി സംഘടനാ പ്രവർത്തകർ സൂചിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആനന്ദിന്റെ രണ്ട് സഹോദരങ്ങളാണ് യുഎസിൽ എത്തിയിട്ടുള്ളത്. ഹ്രസ്വ അവധികഴിഞ്ഞ് ഇവർക്ക് തിരികെ പോകേണ്ടതിനാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുക ശ്രമകരമായ ദൗത്യം ആയിരിക്കും.
എസ്.ആർ. സുധീർ കുമാർ