പ്രളയക്കെടുതിയില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ തങ്ങളെ കൈപിടിച്ചു കയറ്റിയ ലോകമെമ്പാടുമുള്ള ജനങ്ങളോട് തങ്ങള്‍ക്കുള്ള നന്ദി മലയാളികള്‍ പലവിധത്തില്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു നന്ദി പ്രകടനായിരുന്നു ആലുവയിലെ ഒരു വീട്ടില്‍ ടെറസിന് മുകളില്‍ താങ്ക്‌സ് എന്ന് എഴുതിയിരുന്നത്.
ടെറസിനു മുകളില്‍ വെള്ള അക്ഷരത്തില്‍ ‘താങ്ക്‌സ്’ എന്നെഴുതിയ കേരളത്തില്‍നിന്നുള്ള ചിത്രം ലോകമെങ്ങും ഈ ദിവസങ്ങളില്‍ തരംഗമാണ്. പ്രളയജലത്തില്‍നിന്ന് ആളുകളെ ഹെലികോപ്റ്ററില്‍ രക്ഷിച്ച നാവികസേനാംഗങ്ങള്‍ക്കുള്ള നന്ദി എന്നനിലയില്‍ ഇംഗ്ലീഷില്‍ താങ്ക്‌സ് എന്നെഴുതിയ ആ ചിത്രം സേന തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അത് പിന്നീട് ലോകമെങ്ങും പ്രചരിക്കുകയായിരുന്നു.
ഇപ്പോഴിതാ ആ നന്ദിയുടെയും ആ വീടിന്റെയും ഉടമയെ കണ്ടെത്തിയിരിക്കുന്നു. നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് ആ താങ്ക്‌സ് എഴുതിയ ആള്‍. അച്ഛന്റെ ഡബിള്‍ മുണ്ടു കീറിയാണ് അക്ഷരങ്ങള്‍ എഴുതിയത്.
ധനപാലനെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ അല്ല രക്ഷിച്ചതെങ്കിലും സമീപത്തെ പ്രായമായവരെ ഉള്‍പ്പെടെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് താന്‍ വ്യത്യസ്തമായ രീതിയില്‍ പ്രകാശിപ്പിച്ചതെന്ന് ധനപാലന്‍ പറഞ്ഞു. എല്ലാത്തിനും മുകളിലുള്ളവനും കൂടിയാണ് ആ നന്ദിയെന്നും ധനപാലന്‍ കൂട്ടിച്ചേര്‍ക്കുന്നു.