തെരേസാമേയ്ക്ക് പണികൊടുത്തത് മലയാളികള്‍; നേരിയ വ്യത്യസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ട മണ്ഡലങ്ങളില്‍ നിര്‍ണായകമായത് മലയാളികളുടെ വോട്ടുകള്‍; ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടി വിജയിച്ചു

theresa600

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്തത് മലയാളികളോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. തേരേസാ മേ മന്ത്രി സഭയിലെ 9 മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. നേരിയ വ്യത്യസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ടത് 20 മണ്ഡലങ്ങളിലാണ്.  ഈ മണ്ഡലങ്ങളില്‍ പലതിലും നിര്‍ണായകമായ മലയാളി വോട്ടുകള്‍ അനുകൂലമാക്കാന്‍ കഴിയാഞ്ഞതാണ് തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത്. ലേബറിന്റെ ക്രൂ, ന്യൂകാസില്‍ ലിം, ടോറികളുടെ സൗത്താംപ്ടണ്‍, റിച്ച്മണ്ട്, സ്‌കോട്ടിഷ് പാര്‍ട്ടിയുടെ ഗ്ലാസ്‌ഗോ സൗത്ത് വെസ്റ്റ്, ഗ്ലാസ്‌ഗോ ഈസ്റ്റ് അടക്കമുള്ള സീറ്റുകളിലും മലയാളി വോട്ടുകള്‍ നിര്‍ണ്ണായകമായി. ഇവിടെ വിജയം രണ്ടക്ക വോട്ടുകള്‍ക്ക് മാത്രമായിരുന്നു.

എന്നാല്‍ ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിയെന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ കീത്ത് വാസ് ഭൂരിപക്ഷമുയര്‍ത്തിയതും ശ്രദ്ധേയമായി. വിവാദങ്ങളിലൂടെ രാഷ്ട്രീയശ്രദ്ധ പിടിച്ചു പറ്റുന്ന ഇന്ത്യന്‍ശൈലി പിന്തുടരുന്ന ആളാണ് കീത്ത് വാസ്. കേരളത്തിലെ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദത്തില്‍ പേര് വന്നവര്‍ തോല്‍ക്കുമെന്ന് പൊതുസമൂഹം കരുതിയെങ്കിലും ഫലം വന്നപ്പോള്‍ കണ്ടത് മറ്റൊന്നാണ്. ഐസ്ക്രീം വിവാദത്തില്‍ പേരു വന്നതിനു ശേഷം മത്സരിച്ച ഓരോ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കൂട്ടിയാണ് ലീഗ് എംപിയായ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. അതിനു സമാനമായ വിജയങ്ങളാണ് കീത്ത് വാസിന്റേതും. ഇത്തവണ ലെസ്റ്ററില്‍ നിന്നുമാണ് ഇദ്ദേഹം വിജയിച്ചത്. പാര്‍ലമെന്റില്‍ മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന കീത്തിന്റെ എട്ടാം ഇലക്ഷന്‍ ആണ് കഴിഞ്ഞു പോയത്.

ഇത്തവണ കീത്തിനു സീറ്റ് ഉണ്ടാകരുത് എന്ന് സ്വന്തം പാര്‍ട്ടിയില്‍ പോലും പലരും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ലെസ്റ്റര്‍ ഈസ്റ്റിനെ നയിക്കുന്ന കീത്തിനു ഇത്തവണ റിക്കാര്‍ഡ് ഭൂരിപക്ഷവും കിട്ടി. മയക്കു മരുന്നു നല്‍കി പുരുഷന്മാരെ കീത് വാസ് ലൈംഗിക കേളികള്‍ക്കു ഉപയോഗപ്പെടുത്തി എന്ന ആരോപണം സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ടത് ഓഡിയോ ക്ലിപ്, ചിത്രങ്ങള്‍ സഹിതം ആയിരുന്നു. തുടര്‍ന്ന് കീത്തിന്റെ വീട്ടിലും കലാപം ഉണ്ടായി. പാര്‍ലമെന്റില്‍ പ്രത്യേക പദവികള്‍ രാജി വച്ചാണ് അന്ന് അദ്ദേഹം തല ഊരിയത്. ഇപ്പോള്‍ തല ഉയര്‍ത്താന്‍ മികച്ചൊരു വിജയവും.

Related posts