സ്വന്തംലേഖകന്‍
കോഴിക്കോട് : മുംബൈയില്‍ ആഢംബര കപ്പലില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അംഗങ്ങള്‍ അതിഥികളായെത്തി ലഹരി പാര്‍ട്ടി പിടികൂടിയതിന് പിന്നാലെ മലയാള സിനിമയിലും ആശങ്ക !
സിനിമാ ലൊക്കേഷനുകളില്‍ അഭിനേതാക്കളായും അണിയറ പ്രവര്ത്തകരായുമെത്തിയ പോലീസുകാര്‍ വഴി ലഹരിയുടെ രഹസ്യങ്ങള്‍ പുറത്തറിയാനുള്ള സാധ്യതയാണ് പല നായികാ-നായകന്മാരുടേയും ഉറക്കം കെടുത്തുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് നീര്ജീവമായിരുന്ന ലൊക്കേഷനുകള്‍ ഒടിടി റിലീസിംഗിലൂടെ തിരിച്ചുവരികയും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സജീവമാവുകയും ചെയ്യുന്നതിനിടെയാണ് മുംബൈ ലഹരി പാര്‍ട്ടിയും എന്‍സിബി റെയ്ഡും മലയാള സിനിമാ ലൊക്കേഷനുകളിലും മാരത്തണ്‍ ചര്‍ച്ചയായി മാറിയത്.
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ കേസില്‍ മലയാളിയെന്ന് സംശയിക്കുന്ന ശ്രേയസ് നായര്‍ പിടിയിലായിട്ടുണ്ട്.
ശ്രേയസ്നായരുമായി അടുപ്പമുള്ള ഏതെങ്കിലും കണ്ണികള്‍ വഴി അന്വേഷണം മലയാള സിനിമയിലേക്ക് എത്തുമെന്നാണ് ലഹരിയില്‍ മയങ്ങുന്ന സിനിമക്കാരുടെ ഭയം !
സംവിധായകന് ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റും പലരുടേയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
കാക്കിയ്ക്കുള്ളിലെ ‘താരങ്ങള്‍’
മലയാള സിനിമയില്‍ അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും നിരവധി പേര് പോലീസില്‍ നിന്നുള്ളവരാണ്.
മെഗാസ്റ്റാറുകളുടെ സിനിമകളില്‍ വരെ പോലീസുകാര്‍ നിറഞ്ഞു നില്ക്കുന്ന കഥാപാത്രങ്ങളായും മുന്‍നിരയിലുള്ള അണിയറ പ്രവര്‍ത്തകരായും സജീവമായുണ്ട്.
പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം മലയാള സിനിമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങളുടെ സുഗമമായ ഇടപെടലുകള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
പോലീസുദ്യോഗസ്ഥര്‍ സിനിമാ ലൊക്കേഷനിലുണ്ടെങ്കില്‍ എല്ലാം രഹസ്യമായി ഡീല്‍ ചെയ്യണമെന്ന നിര്‍ദേശമാണ് ലഹരി ഉപയോഗിക്കുന്ന താരങ്ങളും അണിയപ്രവര്‍ത്തകരും നല്‍കുന്നത്. ഇത്പ്രകാരം ഏജന്റുമാര്‍ കരുതലോടെയാണ് സെറ്റുകളില്‍ എത്തുന്നത്.
പോലീസുകാരായ നടന്മാരേയും അണിയറ പ്രവര്‍ത്തകരേയും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ടാവും. ഇവരുടെ അസാന്നിധ്യത്തിലാണ് ലഹരികള്‍ കൈമാറ്റം ചെയ്യുന്നത്.
പോലീസുകാര്‍ മലയാള സിനിമയില്‍ കൂടുതല്‍ സജീവമായതോടെ ലഹരി സംഘത്തിന് സംശയവും ബലപ്പെട്ടിട്ടുണ്ട്. ചാരന്മാരായാണോ പോലീസുകാര്‍ എത്തിയതെന്ന സംശയമാണ് പലര്‍ക്കുമുള്ളത്.
അസിസ്റ്റന്റാകാന്‍ കഞ്ചാവ് പുകയ്ക്കണം !
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്റെ അസിസ്റ്റാന്റാവാന് കഞ്ചാവ് പുകച്ചു പരിചയം വേണമെന്നാണ് നിബന്ധന. സംഘത്തില്‍ അല്ലാത്തവരുണ്ടെങ്കില്‍ അവരെ ഒഴിവാക്കണമെന്നും സംവിധായകന് ചട്ടം കെട്ടിയിരുന്നു.
സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നവരെല്ലാം കഞ്ചാവ് പുകകയ്ക്കണമെന്ന അവസ്ഥ വന്നതോടെ പലര്‍ക്കും അവസരം നഷ്ടമായിട്ടുണ്ടെന്നും അവസരം ലഭിക്കാന്‍ വേണ്ടി പുകച്ചു തുടങ്ങിയവരുണ്ടെന്നും സിനിമാ മേഖലയിലുള്ളവര്‍ വ്യക്തമാക്കി.
മൂന്നാറിലും വാഗമണിലും ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ഏഴ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മലയാള സിനിമയില്‍ കഞ്ചാവ് തിരയ്ക്കുന്ന ജോലിയായിരുന്നു ഒരു അസി.ഡയറക്ടര്‍ക്കുള്ളത്.
24 സെറ്റുകള്‍ ! ലഹരി “ഔട്ട്’
മലയാളത്തിലും തമിഴിലുമായി 24 സെറ്റുകളില്‍ അഭിനയിച്ചെങ്കിലും ഒരു സെറ്റില്‍ പോലും കഞ്ചാവോ മറ്റു ലഹരി മരുന്നുകളോ ഉപയോഗിക്കുന്നത് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് ഒരു പോലീസുദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
പക്ഷേ സെറ്റുകളില്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്. മുമ്പ് ലഹരി ഉപയോഗം പരസ്യമായിരുന്നെങ്കില്‍ തന്റെ സാന്നിധ്യം അതിനെല്ലാം തടസമായി മാറി.
ഇതോടെ സെറ്റില്‍ നിന്ന് ലഹരി “ഒളിസങ്കേത’ത്തിലേക്ക് വഴി മാറി. മറ്റൊരു പോലീസുകാരനോട് താമാശ രൂപേണ ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ ചാരന്മാരായെത്തിയതാണോയെന്നായിരുന്നു’ അണിയറ പ്രവര്‍ത്തകന്റെ ചോദ്യം.
സിനിമയുടെ ഭാഗമാണെങ്കിലും ഇത്തരത്തില്‍ സമൂഹത്തിന് വിപത്തായി മാറുന്ന ലഹരി ഉപയോഗത്തിനെതിരേ പോലീസുകാരെന്ന രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്.
വെളിയില്‍ വമ്പന്‍ സ്രാവുകള്‍
ആര്യന്‍ഖാന്റെ അറസ്റ്റിന് പിന്നാലെ സംവിധായകന് ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായി.
‘ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോത്പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.
മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെക്കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നുഅന്നത്തെ സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു.
ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ചെറുമീന്‍.
ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്മാര് എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല.
ഷാരുഖാന്റെ മകനേക്കാള്‍ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും .
സൂക്ഷിച്ചില്ലങ്കില്‍… ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലങ്കില്‍ മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും.
സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പഴാക്കരുതേ ‘ എന്നായിരുന്നു പോസ്റ്റ്.