ബ്രിസ്ബെൻ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിക്കുന്ന സല്യൂട്ട് ദ നേഷൻസ് പരിപാടിയിൽ മലയാളി തിളക്കം.
ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിൽ താമസിക്കുന്ന സഹോദരിമാരായ മലയാളി വിദ്യാർഥികളായ ആഗ്നസും തെരേസയും ചേർന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ 6 മണിക്കൂർ തുടർച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷൻസ്.
ക്യൂൻസ്ലാൻഡ് പാർലമെന്റിൽ ചേർന്ന ചടങ്ങിൽ സ്പീക്കർ കേർട്ടിസ് പിറ്റ് ’സല്യൂട്ട് ദി നേഷൻസ്’ എന്ന ഈ ഇന്റർനാഷണൽ ഈവന്റ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളാണ് അവർ ആലപിക്കുന്നത്.
ചിൽഡ്രൻ & യൂത്ത് ജസ്റ്റിസ്, മൾട്ടി കൾച്ചറൽ അഫയേഴ്സ് മന്ത്രി ലിയാൻ ലിനാർഡ്, ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്ട്രേലിയ മുൻ പ്രസിഡന്റും എർത്ത് ചാർട്ടർ കോ-ഓർഡിനേറ്ററും സല്യൂട്ട് ദി നേഷൻസ് ഇന്റർനാഷണൽ കോ-ഓർഡിനേറ്ററുമായ ക്ലം ക്യാന്പ്ബെൽ എന്നിവർ ചേർന്ന് സല്യൂട്ട് ദി നേഷൻസ് പോസ്റ്റർ റിലീസ് ചെയ്തു.
ഐക്യരാഷ്ട്രസഭ അസോസിയേഷൻ ഓസ്ട്രേലിയ ക്യുൻസ്ലാൻഡ് വൈസ് പ്രസിഡന്റ് ഡോ. ഡോണൽ ഡേവിസ് ക്യുൻസ് ലാൻഡ് ഫോർമർ പാർലമെന്ററി മെന്പേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലെൻ എൽമെസ് എന്നിവർ സംസാരിച്ചു.
ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ആഗ്നസ് ആന്റ് തെരേസ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുത്ത ഇരുന്നൂറോളം പേർക്കാണ് പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് പുറമേ ഓസ്ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ് ടീമും സന്നിഹിതരാകും. ആഗ്നസ് ആന്റ് തെരേസ ഫൗണ്ടേഷന്റെ ഒൗദ്യോഗിക ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
അതിരുകളില്ലാത്ത സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം കൈമാറുന്നതിനാണ് ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി രംഗത്തുള്ള സംഘടനകൾക്കും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും നൽകും.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേയും ദേശീയ ഗാനം ആലപിക്കുന്ന അന്താരാഷ്ട്ര പരിപാടി വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുക എന്നതാണ് ആഗ്നസിന്േറയും തെരേസയുടേയും ലക്ഷ്യം.
ഒരു രാജ്യത്ത് ഒരു പരിപാടി എങ്കിലും സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ ലഭിക്കുന്ന തുക യുഎൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും,
ലോകസമാധാന ശ്രമങ്ങൾക്കും, ചൂഷണത്തിന് വിധേയരാകുന്ന കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും സ്ത്രീ സുരക്ഷയ്ക്കും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
ഓസ്ട്രേലിയയിൽ താമസമാക്കിയ ചലച്ചിത്ര സംവിധായകൻ ജോയ് കെ. മാത്യുവിന്േറയും നഴ്സായ ജാക്വാലിന്േറയും മക്കളാണ് ആഗ്നസും തെരേസയും.
ആഗ്നെസ് ബ്രിസ്ബനിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു തെരേസ മൂന്നാം വർഷ ക്രിമിനോളജി & സൈക്കോളജി വിദ്യാർഥിയാണ്.
മക്കളെ പഠനത്തിന്റെ ലോകത്തേക്ക് മാത്രം ചുരുക്കാതെ അവരുടെ ആഗ്രഹത്തിനൊത്തവണ്ണം കൈ പിടച്ച് നടത്താൻ ജോയിയും ജാക്വാലിനും എന്നും ഒപ്പമുണ്ട്.
ലോകം മഹാമാരിയുടേയും യുദ്ധസംഘർഷങ്ങളുടേയും നടുവിലൂടെ കടന്നു പോകുന്ന വർത്തമാന കാലത്ത് ഈ വിദ്യാർഥികൾ നടത്തുന്ന പരിശ്രമം അതുകൊണ്ട് തന്നെ പ്രശംസനീയവും മാതൃകാപരവുമാകുന്നു.