ബംഗളുരു ടെസ്റ്റില്‍ ഉണ്ടായ റിവ്യൂ വിവാദത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പരിഹസിക്കാനേ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്കും മുന്‍ ഓസീസ് താരങ്ങള്‍ക്കും സമയമുണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയന്‍ മാധ്യമമായ ഫോക്സ് സ്പോര്‍ട്സ് ഓസ്ട്രേലിയയാണ് ഏറ്റവും ഒടുവിലായി കോഹ്ലിയ്ക്കിട്ടു പണിതത്. കൂട്ടത്തില്‍ വില്ലനാര് എന്ന ചോദ്യം ചോദിച്ച ശേഷം പാണ്ടയുടെയും പട്ടിയുടെയും പൂച്ചയുടെയും ചിത്രങ്ങള്‍ക്കൊപ്പം കോഹ്ലിയുടെ ചിത്രമാണ് ഫോക്സ് സ്പോര്‍ട്സ് അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. കോഹ് ലി എന്നുത്തരം പറയുന്നവര്‍ ലൈക്ക് അടിക്കാനാണ് നിര്‍ദ്ദേശം. ആളുകള്‍ക്ക് എളുപ്പത്തില്‍ ചെയ്യാനാവുന്നത് ലൈക്ക് അടിയ്ക്കുകയായതിനാല് ഉത്തരം കോഹ് ലിയായി വരുമെന്ന് വ്യക്തം. ഇവരുടെ തൊലിക്കട്ടി അപാരമെന്നാണ് പലരുടെയും വിലയിരുത്തല്‍.
ഇന്ത്യാക്കാരെ ആര് ആക്ഷേപിച്ചാലും അവരുടെ നെഞ്ചത്ത് പൊങ്കാലയിടുന്ന മലയാളികള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കണ്ണുപൊട്ടുന്ന പച്ചത്തെറികള്‍ ഫോക്സ് സ്പോര്‍ട്സിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഫോക്സ് സ്പോര്‍ട്സ് അധികൃതര്‍ക്ക് മലയാളികളെക്കുറിച്ചറിയണമെങ്കില് ഷറപ്പോവയോടു ചോദിച്ചാല്‍ മതിയെന്നും കമന്റുകളുണ്ട്. എന്തായാലും പൊങ്കാല ഏറ്റുവാങ്ങാന്‍ ഫോക്സ് സ്പോര്‍ടിന്റെ ജീവിതം ഇനിയും ബാക്കിയാണ്.