കോഴിക്കോട്: ചരക്കുകപ്പലിലെ മലയാളി ഓഫീസറെ ഡ്യൂട്ടിക്കിടയില്‍ അറബിക്കടലില്‍ കാണാതായി. മലപ്പുറം പൂക്കോട്ടുംപാടം ചേലോട് കൈനാരി കേശവദാസിന്റെയും ടി. ഗിരിജയുടെയും മകൻ മനേഷ് കേശവദാസി(43) നെയാണ് കഴിഞ്ഞ 11 മുതൽ കാണാതായത്.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഡൈനാകോം എന്ന കമ്പനി യുടെ എം.ടി.പാറ്റ്മോസ് 1/ഐഎംഒ 9800245 എന്ന ഓയില്‍ ടാങ്കറിലെ സെക്കൻഡ് ഓഫീസർ ആണ് ഇദ്ദേഹം. മനേഷിനെ കാണാതായ വിവരം ഔദ്യോഗികമായി കപ്പല്‍ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടുള്ള ഫ്ളാറ്റിലെത്തി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലാത്ത മനേഷിനെ കാണാതായത് ദുരുഹത ഉയര്‍ത്തുന്നു. മനേഷിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ അശ്വതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഒമാനിലെ ജബല്ദാന തുറമുഖത്തുനിന്ന് മലേഷ്യയിലെ പോര്‍ട്ട് ഡിക്സണിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ഡൈനാകോം എന്ന കമ്പനിയുടെതാണ് ടാങ്കര്‍. കപ്പലിലെ ക്യാപ്റ്റന്‍ തമിഴ്നാട് സ്വദേശിയാണ്. ചീഫ് ഓഫീസറും മലയാളിയാണ്. കപ്പല്‍ നിലവില്‍ ഒമാന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുയാണ്. 30 ജീവനക്കാരുണ്ട്. 11നു പുലർച്ചെ നാലരക്ക് ജോലി കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു മനേഷ്.
ഉച്ചയ്ക്ക് 12 നു തിരിച്ച് ജോലിയിൽ പ്രവേശിക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കാണാനില്ലെന്നു വ്യക്തമായത്. തലേന്ന് രാത്രി ഒമ്പതരയ്ക്ക് ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ്. പുലര്‍ച്ചെ ഒന്നരയ്ക്ക് ഭാര്യയെ വിളിച്ചുവെങ്കിലും ഉറക്കത്തിലായതിനാല്‍ അശ്വതി ഫോണ്‍ എടുത്തിരുന്നില്ല. രാവിലെ ആറിന് കോഴിക്കോട്ടെ സുഹൃത്തിനെ വിളിച്ച മനേഷ് ജന്മദിനആശംസകള്‍ നേര്‍ന്നിരുന്നു. അപ്പോളൊക്ക സന്തോഷവാനായിരുന്നു അദ്ദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു.
ആളെ കാണാനില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും കപ്പല്‍ പ്രതിനിധികള്‍ ഭാര്യയെ അറിയിക്കുകയായിരുന്നു. യുകെയിലെ പഠനത്തിനുശേഷം ജൂലൈയില്‍ നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് ആറിന് കപ്പലില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കായികാധ്യാപകനായിരുന്ന ഡോ. കേശവദാസിന്റെയും ഗിരിജയുടെയും ഏക മകനാണ്. രണ്ടു മക്കളുണ്ട്.മനേഷിന്റെ ഭാര്യയും പിതാവും കേന്ദ്രമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി എംപി, ശശി തരൂർ എംപി, ഡയറക്ടറേറ്റ് ജനറൽ ഷിപ്പിംഗ് എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.