കോട്ടയം: അമേരിക്കയിലെ മേരിലാൻഡിലുള്ള ഹെയ്തോർപിലെ അസെൻഷൻ പള്ളിയിൽ സേവനം ചെയ്ത ഒരു മലയാളി ഈശോസഭാ വൈദികൻ. അതേസമയം തന്നെ ഗോഡാർഡ് ബഹിരാകാശ സഞ്ചാരകേന്ദ്രത്തിൽ നാസയ്ക്കുവേണ്ടി ഗവേഷണ കാര്യങ്ങളിൽ മുഴുകിയ ഊർജശാസ്ത്രജ്ഞൻ. അതാണ് ഡോ. മാത്യു തെക്കേക്കര.
മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി പരിഗണിച്ച ശാസ്ത്രജ്ഞൻ. ബഹിരാകാശ യാത്രകൾ മുതൽ വാർത്താവിനിമയവും കൃഷിയും കാലാവസ്ഥാ വ്യതിയാനവും വരെ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ നേരിട്ടോ അല്ലാതെയോ സ്പർശിക്കുന്ന വിവിധ ശാസ്ത്രരംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായൊരു കണ്ടുപിടിത്തമാണ് ഈ മലയാളി ശാസ്ത്രജ്ഞനെ ആഗോള പ്രശസ്തനാക്കിയത്.
സൗരനിയതാങ്കം (Solar constant) സുപ്രധാനമായ കണ്ടുപിടിത്തം
സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ അളവിനെ സംബന്ധിച്ച ഡോ. മാത്യു തെക്കേക്കരയുടെ സുപ്രധാനമായ കണ്ടുപിടിത്തം നിലവിലുണ്ടായിരുന്ന ശാസ്ത്രധാരണകളെ മാറ്റിമറിച്ചു. 1964ൽ ഡോ. തെക്കേക്കരയുടെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ ഒരു കൃത്രിമ സൗരാന്തരീക്ഷത്തിൽ സൗരോർജം അളക്കാനുള്ള ശ്രമമാരംഭിച്ചു.
ഒരു പരീക്ഷണ തറയിൽ സൂര്യപ്രകാശം കൃത്രിമമായി സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ നടത്തി. 127 മെർക്കുറി നീയോൺ വിളക്കുകൾ ഉപയോഗിച്ച് സൂര്യന്റെ ഊർജം ചെറിയ തോതിൽ സൃഷ്ടിച്ചു. പരീക്ഷണങ്ങളുടെ ഫലമായി ഭൂമിയിൽ എത്തുന്ന സൗരോർജത്തിന്റെ അളവിൽ ചില ന്യൂനതകൾ കണ്ടുപിടിച്ചു. ഒരു മിനിറ്റിൽ ഒരു ചതുരശ്ര സെന്റീമീറ്ററിൽ രണ്ടു കലോറി എന്ന് അന്തർദേശീയമായി അംഗീകരിക്കപ്പെട്ട സൗരനിയതാങ്കം യഥാർഥത്തിലുള്ളതിനേക്കാൾ അല്പം കൂടുതലാണെന്ന് ഡോ. തെക്കേക്കരയുടെ പഠനങ്ങൾ വഴി സൂചന കിട്ടി.
കൂടുതൽ വ്യക്തമായ തെളിവുകൾക്കായി ഡോ. തെക്കേക്കരയും ഗവേഷകസംഘവും ഒരു കോൺവയർ 900 വിമാനത്തിൽ ആധുനിക ഉപകരണങ്ങളോടുകൂടിയ ഫിസിക്സ് ലാബറട്ടറി ക്രമീകരിച്ചു പഠനം നടത്തി. തുടർന്ന് നാസ 711 ഗലീലിയോ എന്ന ജെറ്റ് വിമാനത്തിൽ ഒരു ബഹിരാകാശനിലയം സജ്ജമാക്കി. അതിൽ 38,000 അടി ഉയരത്തിൽ നൂറ് യാത്രകൾ നടത്തി. സൂര്യന്റെ ഊർജം കൃത്യമായി അളക്കുന്നതിന് ഈ പരീക്ഷണങ്ങൾ സഹായിച്ചു.
സൗരനിയതാങ്കം അളക്കുന്നതിനായി ഇതിനു മുൻപും നടന്ന പരീക്ഷണങ്ങളെ വിലയിരുത്തി കൃത്യമായി നിർണയിക്കാൻ അമേരിക്കൻ ഗവൺമെന്റ് ഡോ. തെക്കേക്കരയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാവിധ വിലയിരുത്തലുകൾക്കുശേഷം സൗരനിയതാങ്കം 1.940 കലോറി ആയി നിർണയിച്ചു.
സോളാർ കോൺസ്റ്റന്റ് നിർണയിച്ചതാണ് ശാസ്ത്രലോകത്തിന് ഡോ. തെക്കേക്കരയുടെ ഏറ്റവും മഹത്തായ സംഭാവന. സൗരോർജത്തെ സംബന്ധിച്ച എല്ലാ ശരിയായ കണക്കു കൂട്ടലുകളുടെയും തുടക്കം അവിടെനിന്നാണ്. ബഹിരാകാശ വാഹനങ്ങളുടെ സുരക്ഷിത കവചത്തിന്റെ നിർമാണത്തിനു മുതൽ കാലാവസ്ഥാ മാറ്റങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കുവരെ ഡോ. തെക്കേക്കരയുടെ കണ്ടുപിടിത്തമാണ് അടിസ്ഥാനം.
ബഹിരാകാശ വാഹനങ്ങൾക്ക് അവശ്യം വേണ്ട സൂര്യതാപത്താൽ പ്രവർത്തിക്കുന്ന സോളാർ ബാറ്ററികളുടെ നിർമാണത്തിനും സോളാർ കോൺസ്റ്റന്റിന്റെ കണ്ടുപിടിത്തം സഹായകമായി. ഇതിനൊക്കെ പുറമേ ഊർജതന്ത്രത്തിന്റെ സൈദ്ധാന്തിക മണ്ഡലത്തിൽ വിപ്ലവകരമായ പൊളിച്ചെഴുത്തുകൾക്കും ഡോ. മാത്യു തെക്കേക്കര കാരണക്കാരനാണ്.
ഡോ. മാത്യു തെക്കേക്കര എസ്ജെ
1914 മാർച്ച് 14നു ചങ്ങനാശേരിയിൽ ജനനം. ചങ്ങനാശേരി എസ്ബി കോളജിലും മദ്രാസ് സർവകലാശാലയിലുമായി വിദ്യാഭ്യാസം. 1946ൽ ഹിമാലയൻ താഴ്വാരത്തിലുള്ള കെഴ്സംഗിലെ ഈശോസഭ സെമിനാരിയിൽ പൗരോഹിത്യം സ്വീകരിച്ചു. 1948 മുതൽ 1952 വരെ മദ്രാസ് ലെയോള കോളജിൽ ഫിസ്ക്സ് അധ്യാപകനും വകുപ്പ് അധ്യക്ഷനായി ജോലി ചെയ്തു. തുടർന്ന് അമേരിക്കയിൽ ബാൾട്ടിമോറിൽ വൈദികവൃത്തിയും ശാസ്ത്ര വിഷയങ്ങളിൽ എഴുത്തും പഠനവും. 1956ൽ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽനിന്ന് അറ്റോമിക് സ്പെക്ട്രോസ്കോപിയിൽ ഡോക്ടർ ബിരുദം നേടി. ജോർജ് ടൗൺ സർവകലാശാലയിലെ ഫിസ്ക്സ് വകുപ്പ് അധ്യക്ഷൻ. 1962ൽ അമേരിക്കൻ പൗരത്വം.
1962 മുതൽ 1964 വരെ ഗോഡറാഡ് ബഹിരാകാശ സഞ്ചാര കേന്ദ്രത്തിൽ കോളജ് പ്രഫസർമാർക്കായി ഗ്രീഷ്മകാല സമ്മേളനങ്ങൾക്ക് നേതൃത്യം നല്കി. ഈ കേന്ദ്രത്തിൽ ബഹിരാകാശ ഊർജ ഗവേഷണങ്ങളിൽ നടത്തിയ പഠനങ്ങൾ ലോകശ്രദ്ധനേടി.1970ൽ ഗോഡാർഡിൽ പ്രവർത്തിച്ചതിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അവാർഡും 1971ൽ നാഷണൽ സ്പേസ് എൺവയൺമെന്റൽ അവാർഡും നേടി. 1973 മുതൽ എടിഎസ്എഫ് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനായി പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. ഒട്ടേറെ ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1976 നവംബർ 25ന് അന്തരിച്ചു.
മാത്യു ആന്റണി