കാട്ടാക്കട: മൂക്കുന്നിമലയിലെ ക്രെഷർ ഉടമ ദീപു സോമന്റെ അരുംകൊലയിൽ ഞെട്ടൽ മാറാതെ മലയിൻകീഴ്. ദു:ഖം തളം കെട്ടി നിന്ന പശ്ചാത്തലത്തിൽ ദീപുവിന്റെ സംസ്ക്കാരം മലയിൻകീഴിലെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ നടന്നു മകൻ മാനസ് ദീപു അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. നാടാകെ ഇവിടെ ഒന്നിച്ചെത്തി ദീപുവിന് അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.ദീപു സോമന്റെ പണം പണമിടപാട് സംബന്ധിച്ച് ചില വിഷയങ്ങൾ ഉണ്ടായതായും ചില ഗുണ്ടാസംഘങ്ങൾ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായൂം 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നതായും ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു.
ദീപു സോമൻ ജെസിബി വാങ്ങുന്നത്തിനും അടുത്ത ആഴ്ച തുറക്കാൻ ഇരിക്കുന്ന ക്രഷറിലേക്കും ലെയിത്ലേക്കും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും വേണ്ടി കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് പോകുന്നു എന്നു പറഞ്ഞു ഇറങ്ങിയത്.
തിരുവനന്തപുരം പാപ്പനംകോട് കൈമനം വിവേക് നഗറിൽ ദിലീപ് ഭവനിൽ പരേതനായ സോമന്റെയും ലളിതയുടെയും മകനായ ദീപു 2014 ലാണ് മലയിൻകീഴ് അണപാട് വീട് പണിതു താമസം ആരംഭിച്ചത്.ക്രഷറിനു പുറമേ വീടിന് സമീപത്തായി തന്നെ ജെസിബി, ടിപ്പർ ഉൾപെടെ പണിയുന്ന ലെയിത്തും ദീപു നടത്തി വന്നിരുന്നു.
ജെസിബി, ഹിറ്റാച്ചി ഓപ്പറേറ്റർമാരുമായും, ഉടമകളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന വ്യവസായിക്ക് ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകളും പലയിടത്തായി ഉള്ളതായാണ് വിവരം. പാലക്കാട് മുന്നൂർക്കോട് ജീ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക വിധുമോൾ ആണ് ദീപുവിന്റെ ഭാര്യ. മക്കൾ: മാധവ് ദീപു, മാനസ് ദീപു.