കാട്ടാക്കട : രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സിഐ എ.വി സൈജുവിനെ സംരക്ഷിച്ച് പോലീസ് രംഗത്തുള്ളതായി പരാതിക്കാരിയായ വനിതാ ഡോക്ടർ.
ഒളിവിലെന്ന പേരിൽ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. സിപിഎം സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ് സൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും പരാതിക്കാരി പറയുന്നു.
ആദ്യം മലയിൻകീഴിലും ഒടുവിൽ കൊച്ചി കൺട്രോൾ റൂമിലും ഇൻസ്പെക്ടറായിരുന്ന എ.വി.സൈജുവിനെതിരെ രണ്ട് പീഡനക്കേസുകളാണ് നിലവിലുള്ളത്.
ഒന്ന് മലയിൻകീഴിലെ വനിതാ ഡോക്ടറിന്റെയും മറ്റൊന്ന് നെടുമങ്ങാട് അധ്യാപികയുടെ പരാതിയിലും. മലയിൻകീഴ് കേസിൽ മുൻകൂർ ജാമ്യം നേടാൻ വ്യാജ പൊലീസ് രേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ നീക്കമെന്ന് മലയിൻകീഴിലെ പരാതിക്കാരിയുടെ ആരോപണം.പീഡന പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരി ഉപദ്രവിച്ചെന്ന് കാണിച്ച് സൈജുവിന്റെ കുടുംബം പരാതി നൽകിയിരുന്നു.
പീഡനക്കേസിനേക്കാൾ ഉപദ്രവക്കേസിന് പ്രാധാന്യം നൽകി പരാതിക്കാരിയെ ജയിലിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്ന സൈജുവിനെ സഹായിക്കുന്നത് രാഷ്ട്രീയ സ്വാധീനമെന്നും ആരോപണമുണ്ട്.
നെടുമങ്ങാട്ടെ പീഡനക്കേസിലും നടപടിയൊന്നുമായിട്ടില്ല. കേസിൽ കള്ളമൊഴി നൽകിയ മലയിൻകീഴിലെ മുൻ റൈറ്റർ പ്രദീപിനെ സസ്പെൻഡ് ചെയ്തിരുന്നു.