കാട്ടാക്കട: പീഡനക്കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയായ മകളെ വിട്ടുകൊടുത്ത പോലീസ് നടപടിക്കെതിരെ അമ്മ. പോക്സോ കേസിലെ പ്രതിക്കെതിരായ നടപടികൾ വൈകിപ്പിച്ച പോലീസ് ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.
45 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ അമ്മ നീതി തേടുകയാണ്.മലയിൻകീഴ് പോലീസിനെതിരെയാണു പരാതി. ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചത് മൂന്നു മാസം മുന്പാണ്.
മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ചു ദിവസം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറു വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളിയായ യുവതി തിരുവനന്തപുരത്ത് എത്തുന്നത്.
ജൂലൈ 15ന് അന്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17 ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്നശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പറയുന്നു.രണ്ടു തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു.
മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായി. സ്വർണാഭരണങ്ങൾ കവർന്നെന്നും തന്റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥൻ ഓഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകി.
ഇതന്വേഷിക്കാൻ ഓഗസ്റ്റ് 31 നു മലയിൻകീഴ് പോലീസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പോലീസിനെ യുവതി അറിയിക്കുന്നത്.അമ്മയെയും മകളെയും അവിടതന്നെ നിർത്തി പോലീസ് കടന്നു. സെപ്റ്റംബർ ഒന്നിന് യുവതി മകളുമായി പോലീസ് സ്റ്റേഷനിൽ എത്തി.
ആറു വയസുകാരി മജിസ്ട്രേറ്റിനു മൊഴി നൽകി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി. എന്നിട്ടും അന്നേ ദിവസം രാത്രി പോലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ.
കണ്മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പോലീസ് തൊട്ടില്ലെന്നും യുവതി പറയുന്നു.
യുവതി പറഞ്ഞിട്ടാണ് വീട്ടിലാക്കിയതെന്ന് മലയിൻകീഴ് സിഐ വിശദീകരിച്ചു.എന്നാൽ യുവതി ഇതു നിഷേധിച്ചു. പോലീസ് വീട്ടിലെത്തിച്ച അതേ ദിവസമാണ് ഭർത്താവും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുന്നതും.
സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയിൻകീഴ് പോലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റ കേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്തു.
പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ടു പുറത്തിറങ്ങി. എന്നാൽ വധശ്രമക്കേസിൽ യുവതിക്കു 45 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.