മറയൂർ: പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിലെ മഴനിഴൽ കാടായ ചിന്നാർവന്യജീവി സങ്കേതത്തിലെ രണ്ടു പ്രധാനികളാണ് നക്ഷത്ര ആമയും ചാന്പൽ മലയണ്ണാനും.
മൂന്നു പതിറ്റാണ്ടു മുൻപുവരെ മറയൂർ റിസർവ് വനത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെ ഏക മഴനിഴൽ കാടായിരുന്നു ചിന്നാർ വനം.
മറയൂർ വനമേഖലയിലെ ചിന്നാർ ഭാഗത്തുള്ള സസ്യ-ജന്തു ജീവജാലങ്ങളുടെ വൈവിധ്യവും ആവാസവ്യവസ്ഥയും കണക്കിലെടുത്ത് 1984 ഓഗസ്റ്റിൽ 90.442 ചതുരശ്ര കിലോമീറ്റർ വനമേഖല വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ ആനമലൈ കടുവാ സങ്കേതവും കേരളത്തിലെ ദേശീയ ഉദ്യാനങ്ങളായ ഇരവികുളം, ആനമുടി ചോല , മതികെട്ടാൻ, പാന്പാടുംചോല എന്നിവയും കുറിഞ്ഞിമല സങ്കേതം ഉൾപ്പെടുന്ന ചോലാ- നാഷണൽ പാർക്കുമാണ് ചിന്നാർ വന്യജീവി സങ്കേതവുമായി അതിർത്തിപങ്കിടുന്ന തലയെടുപ്പുള്ള സംരക്ഷിത വനമേഖലകൾ.
രണ്ടു പ്രധാനികൾ
ഓരോ ദേശീയ ഉദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും പ്രധാനി കാണും. ചിലപ്പോൾ ജന്തുക്കളാകാം. അല്ലെങ്കിൽ സസ്യങ്ങളും പ്രധാനികളായി മാറും. ഈ പ്രധാനിയെ ഫ്ളാഗ് ഷിപ്പ് സ്പീഷീസ് എന്നാണ് ഇംഗീഷിൽ പറയപ്പെടുന്നത്.
കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികളെ ആകർഷിക്കൂന്ന ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഫ്ളാഗ് ഷിപ്പ് സ്പീഷീസ് വരയാടുകളും ചോല നാഷണൽ പാർക്കിന്റേത് നീലഗിരിമാർട്ടിനുമാണ്.
ചിന്നാറിന് രണ്ട് അവകാശികളാണുള്ളത്. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വേളയിൽ ചാന്പൽ മലയണ്ണാൻ ആയിരുന്നു താരമെങ്കിലും സമീപകാലത്ത് നക്ഷത്ര ആമയും ഈ പദവിയുടെ അവകാശിയായി മാറി.
ചാന്പൽ മലയണ്ണാൻ
കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്നാട്ടിൽ ശ്രീവള്ളി പുത്തൂർ വന്യജീവി സങ്കേതത്തിലും മാത്രമേ ചാന്പൽ മലയണ്ണാനെ (ഗ്രിസിൽഡ് ജയന്റ് സ്ക്വറൽ ) കാണാൻ സാധിക്കൂ. പൂർണമായും സസ്യാഹാരിയായ ഇവ വെള്ളം കുടിക്കുന്നതിനുവേണ്ടി മാത്രമാണ് നിലത്തിറങ്ങുന്നത്. ചാന്പൽ മലയണ്ണാന്റെ പുറംഭാഗം ചെന്പൻ കളറായതിനാലാവാം ഇത് ഈ പേരിൽ അറിയപ്പെടുന്നത്. തലയുടെ മുകളിൽ കറുത്ത നിറം തൊപ്പിപോലെയുമുണ്ട്. നീണ്ട വാലിലെ രോമങ്ങൾക്ക് വെള്ളയും ചെന്പൻ നിറവുമാണ്. അടിഭാഗം ചെളിപിടിച്ച നിറവുമാണ്. പകൽ സമയങ്ങളിൽ വാൽ തൂക്കിയിട്ട് മരച്ചില്ലകളിൽ കിടന്നുറങ്ങുന്നതു കാണാം.
പൊതുവേ മന്ദമായ ചലനങ്ങളും ശാന്തമായ സ്വഭാവ രീതിയുമാണ്. എന്നാൽ, അപകട സൂചനയുള്ളപ്പോൾ ചില്ലറ ശബ്ദങ്ങൾ മുഴക്കുന്നതും കേൾക്കാം. ഉയരം കൂടിയ മരത്തിൽ ഇലകളാൽ മൂടപ്പെട്ട ശിഖരങ്ങളിൽ ഇലകളും നാരുകളുമൊക്കെ കൊണ്ടുണ്ടാക്കുന്ന കൂടുകളിലാണു കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റുന്നത്.
അപൂർവ ഇനത്തിൽപെട്ട നക്ഷത്ര ആമകളുടെ വിജയകരമായ പുനരധിവസ പ്രക്രിയയിലൂടെയാണു ചിന്നാർ വന്യജീവിസങ്കേതം ലോക പ്രശസ്തിയിലായത്.
നക്ഷത്ര ആമ
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടി നിയമവിരുദ്ധമായി വിദേശത്തേക്കു കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളുടെ പുനരധിവാസ പദ്ധതി വൻവിജയമായതാണു ചിന്നാർ വന്യജീവി സങ്കേതത്തെ ലോകപ്രശസ്തിയിൽ എത്തിച്ചത്. ഇതോടെ ചിന്നാർ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രമായി. മൂന്നുവർഷം മുന്പ് പുനരധിവാസത്തിനായി എത്തിച്ചു ശാസ്ത്രീയ പരിപാലനത്തിലൂടെ തുറന്നുവിട്ട 450 നക്ഷത്ര ആമകൾ ജീവനോടെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രമായി പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് ഇന്നേവരെ ഒരു ജീവി മാത്രം കൈയടക്കി വച്ചിരുന്ന ഫ്ളാഗ് ഷിപ്പ് പദവി ചിന്നാറിൽ ചാന്പൽ മലയണ്ണാനു നക്ഷത്ര ആമയുമായി പങ്കിടേണ്ടി വന്നതും.
ജിതേഷ് ചെറുവള്ളി