മുണ്ടക്കയം: മകരവിളക്ക് ദിനത്തിൽ പതിനായിരം മലഅരയ കുടുംബങ്ങൾ അവകാശ പുനഃ സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യമല അരയ മഹാസഭ നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 1949 വരെ പൊന്നന്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായത്തിൽപ്പെട്ടവരായിരുന്നു.
പിന്നീട് ഇവരിൽ നിന്നും ബലമായി വിളക്ക് കവർന്നെടുക്കുകയായിരുന്നു. കഴിഞ്ഞ 2,563 ദിവസങ്ങളായി ഉടുന്പാറ മലയിലെ അന്പലത്തിൽ കെടാവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. പൊന്നന്പലമേട്ടിൽ അവസാന ദീപം തെളിയിച്ച പുത്തൻ വീട്ടിൽ കുഞ്ഞന്റെ മരുമകൾ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേയ്ക്ക് ആദ്യ ദീപം പകരും. മകരവിളക്ക് തെളിയുന്ന അതേ സമയത്തു തന്നെ പതിനായിരം മലയര കുടുംബങ്ങളിലും പുനഃസ്ഥാപന ദീപം തെളിയിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ശ്രീ അയ്യപ്പ ധർമ്മ സംഘം പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ ജനറൽ സെക്രട്ടറി കെ.എൻ. പത്മനാഭൻ എന്നിവരെ ജനറൽ കണ്‍വീനർമാരായും പ്രഫ. എം.എസ്. വിശ്വംഭരൻ, കരീഷ്മാ അജേഷ് കുമാർ, കെ.പി. സന്ധ്യ, ഷൈലജ നാരായണൻ എന്നിവരടങ്ങിയ കോഡിനേഷൻ കമ്മിറ്റിയെയും വിവിധ ജില്ലകളിൽ രൂപീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ശ്രീ അയ്യപ്പ ധർമ്മസംഘം ജനറൽ സെക്രട്ടറി കെ. എൻ. പത്മനാഭൻ, ഐക്യമല അരയ മഹാസഭ സംസ്ഥാന സെക്രട്ടറി പ്രഫ. എം.എസ്. വിശ്വംഭരൻ, ട്രഷറർ പി.ടി. രാജപ്പൻ, വനിത സംഘടന ജനറൽ സെക്രട്ടറി കെ.പി. സന്ധ്യ, ബാലസഭ കോ ഓർഡിനേറ്റർ വി.ജി. ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.