കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിനെ കേന്ദ്ര ഗവണ്മെന്റിന്റെ തീർഥാടന ടൂറിസം പദ്ധതിയായ പിൽഗ്രിമേജ് റിജുവനേഷൻ ആൻഡ് സ്പിരിച്യുവൽ ഓഗ്മെന്റേഷൻ ഡ്രൈവ് (പ്രസാദ്) സ്കീമിൽ ഉൾപ്പെടുത്താൻ ആവശ്യമായ വിശദമായ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ വഴി കേന്ദ്ര ടൂറിസം വകുപ്പിൽ സമർപ്പിച്ചതായി റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു. 51 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി സമർപ്പിച്ചിരിക്കുന്നത്.
മലയാറ്റൂരിനെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയായ പ്രസാദ് സ്കീമിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം റോജി എം. ജോണ്‍ എംഎൽഎയ്ക്ക് ഉറപ്പു നൽകിയിരുന്നു. എംഎൽഎയും, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു.
ഇതിനായി വിശദമായ ഡിപിആർ സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് എംഎൽഎ സംസ്ഥാന ടൂറിസം ഡയറക്ടറുമായും, കണ്‍സൾട്ടിംഗ് ഏജൻസിയായ ജിറ്റ്പാക്കിന്റെ പ്രതിനിധികളുമായും തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ജിറ്റ്പാക്ക് തയാറാക്കിയ രൂപരേഖ, ടൂറിസം ഡയറക്ടറേറ്റ് വഴി സംസ്ഥാന സർക്കാരിൽ സമർപ്പിക്കുകയും അത് കേന്ദ്ര ടൂറിസം വകുപ്പിനു അയച്ചു കൊടുക്കുകയായിരുന്നു.
മലയാറ്റൂർ കുരിശുമുടിയിലേക്കുള്ള നടപ്പാത, താഴത്തെ പള്ളി മുതൽ അടിവാരം വരെയുള്ള പ്രദേശത്തിന്റെ വികസനം, സെന്റ് തോമസ് പള്ളിയോട് ചേർന്ന കടവിന്റെ വികസനം, മണപ്പാട്ട് ചിറയുടെയും സമീപ പ്രദേശത്തിന്റെയും വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു.