മലയാറ്റൂർ: മലയാറ്റൂർ ഇല്ലിത്തോട്ടിൽ പാറ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (38), കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34) എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ 3.30നാണ് അപകടം നടന്നത്. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. മലയാറ്റൂർ നിലിശ്വരം പഞ്ചായത്തിലെ ഒന്നാം ബ്ലോക്കിലെ പോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയ്ക്കു സമീപമാണ് സംഭവം. ഇവിടെ ജോലിയ്ക്കായി എത്തിയ തൊഴിലാളികളാണ് മരിച്ചത്.
തൊഴിലാളികൾക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി പാറമടയോട് ചേർന്ന് 50 മീറ്റർ അടുത്ത് റബർ തോട്ടത്തിൽ നിർമിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നാണ് പറയുന്നത്. കെട്ടിടം പൂർണമായും തകർന്നു.
പുതിയതായി ജോലിക്കെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ച രണ്ടു പേരുടെയും മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം എങ്ങനെ നടന്നതെന്ന് വ്യക്തമല്ല. കാലടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ച് തഹസീല്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. സബ് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. നിയമ ലംഘനമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.