സ്വന്തം ലേഖകന്‍
കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടനത്തിന് ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ ബാധകം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ എത്തുന്നവർക്കാണ് കുരിശുമുടി കയറാന്‍ അനുവാദം.
രാത്രി പത്തിനു ശേഷം കുരിശുമുടിയിലും പരിസരത്തും തീര്‍ഥാടകരെ തങ്ങാൻ അനുവദിക്കില്ല. വിശ്വാസികള്‍ അടിവാരത്തെ പ്രവേശനഭാഗത്തുനിന്നു വണ്‍വേ സംവിധാനത്തിലൂടെ മാര്‍ത്തോമ്മ മണ്ഡപം വഴി രജിസ്ട്രേഷന് കൗണ്ടറിലെത്തണം.
മാസ്ക് നിർബന്ധം, താപനില അളക്കണം. പേര് രജിസ്റ്റര്‍ ചെയ്തു സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷമാണു മലകയറ്റം തുടങ്ങേണ്ടത്. മലമുകളിലും വണ്‍വേ സംവിധാനമുണ്ടാകും.
കുപ്പി വെള്ളം കരുതണം
രൂപങ്ങളോ, കുരിശുകളോ വിശുദ്ധ വസ്തുക്കളോ തൊട്ടുമുത്തുന്നതും നേര്‍ച്ചകളും അത്ഭുത നീരുറവയില്‍നിന്നു വെള്ളമെടുക്കലും ഒഴിവാക്കി. അത്യാവശ്യ സാധനങ്ങള്‍ക്കുള്ള സ്റ്റാള്‍ മലമുകളിലുണ്ടാകും. കുടിവെള്ളത്തിനു ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും തീര്‍ഥാടകര്‍ കുപ്പിവെള്ളം കരുതുന്നത് ഉചിതമാണ്.
കുരിശുമുടിയില്‍ ദിവസവും രാവിലെ ആറ്, 7.30, 9.30, വൈകുന്നേരം ആറ് എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. താഴത്തെ പള്ളിയില്‍ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനുമാണു ദിവ്യബലി. ഞായറാഴ്ചകളില്‍ രാവിലെ 5.30, 7.30, 9.30 സമയങ്ങളിലും വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടാകും. കുരിശുമുടിയില്‍ അടിമസമര്‍പ്പണ പ്രാര്‍ഥന ഉണ്ട്. വ്യക്തിപരമായ കുമ്പസാരം ഒഴിവാക്കി.
പാർക്കിംഗ് ക്രമീകരണം
നാല്പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 26 മുതല്‍ താഴത്തെ പള്ളിയില്‍ വിശുദ്ധ കുരിശിന്റെയും മാര്‍തോമാശ്ലീഹായുടെയും തിരുശേഷിപ്പുകള്‍ പ്രത്യേക പേടകങ്ങളില്‍ സ്ഥാപിച്ച് വിശ്വാസികള്‍ക്കു വണക്കത്തിനായി പ്രതിഷ്ഠിക്കും.
പെരിയാർ തീരത്തെ പള്ളിചുറ്റി കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍ സ്ഥാപിച്ച്, തീര്‍ത്ഥാടകരുടെ പ്രാര്‍ഥനയ്ക്കായി ക്രമപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധവാര തിരുക്കര്‍മങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും നടത്തുക. ദുഃഖവെള്ളിയിലെ വിലാപയാത്രയില്‍ എണ്ണം നിയന്ത്രിക്കും.
പുതുഞായര്‍ തിരുനാള്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആഘോഷിക്കും. എട്ടാമിടം 17, 18 തീയതികളിലാണ്. 10, 17 തീയതികളില്‍ മാത്രമാകും പ്രദക്ഷിണം ഉണ്ടാവുക. അടിവാരത്തും ഒന്നാം സ്ഥലത്തും മലമുകളിലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായങ്ങള്‍ ലഭ്യമാക്കും. വാണിഭത്തടം മാവിന്തോട്ടത്തിലും അച്ചന്പറമ്പിലുമാണു പാര്‍ക്കിംഗ്.
വലിയ കുരിശുമായി മലകയറ്റം ഒഴിവാക്കണം
അനേകം വ്യക്തികള്‍ ഒന്നിച്ചുചേര്‍ന്നു വഹിച്ചുകൊണ്ടുവരുന്ന വലിയ കുരിശുകള്‍ കുരിശുമുടിയിലേക്കു കയറ്റുന്നത് ഈ വര്‍ഷം അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ കാരണമാകുമെന്നതിനാലാണു തീരുമാനം. വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇതു പഞ്ചായത്ത് നടപ്പാക്കും.