മലയാറ്റൂർ: മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ പീഡാനുഭവ നാളുകൾ മനസിലേറ്റി മലയാറ്റൂർ കുരിശുമുടിയിലേക്കു വിശ്വാസികളുടെ തിരക്കേറുന്നു. പീഡാനുഭവത്തെ അനുസ്മരിക്കുന്ന പതിനാല് സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ച് കുരിശുമുടിയിൽ മാർതോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങി, സന്നിധിയിൽ പ്രാർഥിച്ചാണ് തീർഥാടകർ മടങ്ങുന്നത്.
ക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രുഷയുടെയും അന്ത്യ അത്താഴത്തിന്റെയും അനുസ്മരണ ദിനമായ ഇന്ന് മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി)പെസഹാ അനുസ്മരണ തിരുക്കർമങ്ങൾ നടന്നു. കുരിശുമുടിയിൽ രാവിലെ നടന്ന കാലുകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ.ആന്റണി വട്ടപ്പറന്പിൽ കാർമ്മികനായി. ഫാ. ജോസഫ് കണ്ണനായ്ക്കൽ വചനസന്ദേശം നൽകി. തുടർന്ന് ആരാധനയും നടന്നു,
സെന്റ് തോമസ് പളളിയിൽ(താഴത്തെ പളളി) രാവിലെ നടന്ന കാലുകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവയ്ക്ക് വികാരി ഫാ. വർഗീസ് മണവാളൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.പോൾസണ് പേരേപ്പാടൻ, ഫാ.സനീഷ് പെരുംഞ്ചേരിൽ എന്നിവർ സഹകാർമ്മികരായി. തുടർന്ന് ആരാധനയും കാലുകഴുകൽ ശുശ്രുഷയും നടന്നു.
ദുഃഖവെള്ളിയായ നാളെ കുരിശുമുടിയിൽ രാവിലെ ആറിന് ആരാധന, ഏഴിന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, വിശുദ്ധ കുർബാന സ്വീകരണം, നഗരി കാണിക്കൽ. ഫാ.കുര്യാക്കോസ് മൂഞ്ഞേലി പീഡാനുഭവ സന്ദേശം നൽകും. 20 ന് വലിയ ശനിയാഴ്ച ഏഴിന് മാമ്മോദീസ വ്രത നവീകരണം, പുത്തൻ തീ, വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി. സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളിയിൽ) രാവിലെ 5.30 ന് ആരാധന, 6.30 ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, വി.കുർബാന സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി, വിലാപയാത്ര (വാണിഭത്തടം പള്ളിയിലേക്ക്), തുടർന്ന് ഫാ.ജിനു പള്ളിപ്പാട്ട് പീഢാനുഭവ സന്ദേശം നൽകും. 20 നു വലിയ ശനിയാഴ്ച രാവിലെ ആറിന് മാമ്മോദീസ വ്രത നവീകരണം, പുത്തൻ തീ, വെള്ളം വെഞ്ചിരിപ്പ്, ദിവ്യബലി.
തീർഥാടകർക്കു സെന്റ് തോമസ് പളളിയിലും(താഴത്തെപളളി) അടിവാരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലയാറ്റൂർ പള്ളി മുതൽ കുരിശുമുടി വരെ ഈ വർഷവും ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ട്. പ്രദേശത്ത് പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരോധനം ലംഘിച്ച് പ്ലസ്റ്റിക്ക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേ പിഴയുൾപ്പടെയുള്ള, കർശന നടപടികൾ സ്വീകരിക്കും. വൈദ്യസഹായം നൽകുന്നതിനു അടിവാരത്തും കുരിശുമുടിയിലും മുഴുവൻ സമയവും മെഡിക്കൽ വിഭാഗത്തിന്റെ സേവനമുണ്ട്. ഒന്നും പതിമൂന്നാം പീഡാനുഭവ സ്ഥലത്തും കുരിശുമുടിയിലും അത്യാവശ്യ ഘട്ടങ്ങളിൽ ഓക്സിജൻ നൽകുന്നതിനു മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണ്.
മിതമായ നിരക്കിൽ ഭക്ഷണവും വെളളവും ലഭ്യമാക്കുന്നതിനു പളളിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നുണ്ട്. അടിവാരത്തും സമീപ പ്രദേശങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കുരിശുമുടിയിൽ വിശ്വാസികൾക്കു ദിവസവും നേർച്ചകഞ്ഞി വിതരണമുണ്ട്. വിശ്വാസികൾക്കു സെന്റ് തോമസ് പളളിയിൽ വിശ്രമിക്കുന്നതിനും മറ്റുമുളള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുഴുവൻ സമയവും പോലീസ്, ഫയർഫോഴ്സിന്റെയും, വോളന്റീയർമാരുടെയും സേവനം ലഭ്യമാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. അടിവാരത്തും മലയാറ്റൂർ പളളി പ്രദേശങ്ങളിലും ഭിഷാടനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. മുൻകൂട്ടി അറിയിച്ചെത്തുന്നവർക്കു സെന്റ് തോമസ് പളളിയുടെ സമീപമുളള പിൽഗ്രിം സെന്ററിൽ താമസ സൗകര്യം ലഭിക്കും.
ഇന്നും നാളെയും വാഹനങ്ങൾക്ക് വണ്വേ സന്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. അടിവാരത്തു നിന്നും തിരിച്ചുപോകുന്ന വാഹനങ്ങൾ യൂക്കാലി- നടുവട്ടം- മഞ്ഞപ്ര ചന്ദ്രപ്പുര വഴി കാലടി, അങ്കമാലി ഭാഗത്തേക്കു തിരിഞ്ഞു പോകണം. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, വിമലഗിരി ന്യൂമാൻ അക്കാദമി, ഇല്ലിത്തോട് കിൻഫ്രാ, അച്ചൻപറന്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.