കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിനെ കേന്ദ്ര സർക്കാരിന്റെ തീർഥാടന ടൂറിസം പദ്ധതിയായ പിൽഗ്രിമേജ് റിജുവനേഷൻ ആൻഡ് സ്പിരിച്വൽ ഓഗ്മെന്റേഷൻ ഡ്രൈവ് (പ്രസാദ്) സ്കീമിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉറപ്പ് നൽകിയതായി റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എംഎൽഎയുടെയും മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തിയിരുന്നു.
മലയാറ്റൂർ കുരിശുമുടിയും മണപ്പാട്ടുചിറ ഉൾപ്പടെയുള്ള സമീപ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തുന്നതിനായി വിശദമായ പ്രപ്പോസൽ, കണ്‍സൾട്ടിംഗ് ഏജൻസിയായ ജിറ്റ്പാക്കിന്റെ സഹായത്തോടെ തയാറാക്കി സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി ജിറ്റ്പാക്കിന്റെ വിദഗ്ധസംഘം മലയാറ്റൂർ കുരിശുമുടിയിലും പള്ളിയിലും മണപ്പാട്ടുചിറയിലും സന്ദർശനം നടത്തിയിരുന്നു.
എംഎൽഎ ജിറ്റ്പാക്കുമായി തിരുവനന്തപുരത്ത് വിശദമായ ചർച്ചയും നടത്തുകയുണ്ടായി. സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിരിക്കുന്ന പദ്ധതി കേന്ദ്ര ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. നിലവിൽ കേരളത്തിൽ നിന്ന് ഈ സ്കീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് തീർഥാടകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്ന ഗുരുവായൂർ ടെന്പിൾ ടൗണ്‍ പദ്ധതിയാണ്.
പ്രസാദ് സ്കീമിൽ ഉൾപ്പെടുത്താൻ 51 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ജിറ്റ്പാക്ക് തയാറാക്കിയിരിക്കുന്നത്. മണപ്പാട്ടുചിറയുടെയും സമീപ പ്രദേശത്തിന്റെയും സമഗ്രമായ വികസനം, മലയാറ്റൂർ അടിവാരം, കുരിശുമുടിയിലേക്കുള്ള വഴി, മലയാറ്റൂർ താഴത്തെപള്ളി മുതൽ അടിവാരം വരെയുള്ള പ്രദേശത്തിന്റെ വികസനം, സെന്റ് തോമസ് പള്ളിയോട് ചേർന്ന കടവിന്റെ വികസനം എന്നിവയാണ് പ്രധാനമായും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ച് കേന്ദ്ര ടൂറിസം വകുപ്പിന്റെ അനുമതിക്കായി സമർപ്പിക്കും. സംസ്ഥാന സർക്കാരിൽ നിന്നു പ്രപ്പോസൽ ലഭിക്കുന്ന മുറയ്ക്ക് പദ്ധതിക്ക് അംഗീകാരം നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചതായും റോജി എം. ജോണ്‍ പറഞ്ഞു. മലയാറ്റൂർ സെന്റ് തോമസ് പള്ളി ട്രസ്റ്റിമാരായ ജിനോ മാണിക്കത്താൻ, മോമി തറയിൽ, ജോയി മുട്ടംതൊട്ടിൽ, മുൻ ട്രസ്റ്റിമാരായ കെ.പി. തോമസ്, ജോസഫ് മേനാച്ചേരി, തോമസ് മുട്ടംതൊട്ടിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.