ചെറുതോണി: വലിയ ആഴ്ചയായാൽ മലയാറ്റൂർ മലയിലേക്ക് വീടുകളിൽനിന്നും കാൽനടയായി യാത്രചെയ്യുന്ന നിരവധി വിശ്വാസികളെ വഴിയിൽ കാണാനാകും.
പൊന്നും കുരിശുമല മുത്തപ്പോ പൊൻമല കയറ്റം എന്ന പ്രാർഥനയും കുരിശിന്റെ വഴിയും ചൊല്ലി ഒറ്റയ്ക്കും കൂട്ടമായും പോകുന്നവരെ ഇത്തവണ കോവിഡ് – 19 നിരാശരാക്കിയിരിക്കുകയാണ്.
കഴിഞ്ഞ 35 വർഷമായി ഒരുതവണപോലും മുടങ്ങാതെ ചക്കാംപുഴ കുടുംബ വീട്ടിൽനിന്നും കാൽനടയായി പോകുന്ന ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഇത്തവണ യാത്ര മുടങ്ങിയ വിഷമത്തിലാണ്.
പെസഹ വ്യാഴാഴ്ച രാത്രി എട്ടോടെ പരിസരങ്ങളിലുള്ള ഏതാനും സുഹൃത്തുക്കളും ഇടുക്കിയിൽനിന്നുള്ള സുഹൃത്തുക്കളും വീട്ടിൽ എത്തും. ഒരുമിച്ചുള്ള പ്രാർഥനകൾക്കും പെസഹ വിരുന്നിനുംശേഷം ഒന്പതോടെ യാത്ര ആരംഭിക്കുമായിരുന്നു.
കോവിഡ് -19 പ്രതിരോധങ്ങളുടെ ഭാഗമായി സർക്കാർ നൽകിയിട്ടുള്ള നിർദേശം പാലിച്ചു യാത്ര മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ മാറി ജനജീവിതം പഴയതുപോലെ ആകുന്പോൾ ദുഃഖവെള്ളി മലകയറ്റത്തിനുപകരം മറ്റൊരു ആദ്യവെള്ളിയാഴ്ച മലകയറാനുള്ള തീരുമാനത്തിലാണ് എംഎൽഎ.