കുടുംബവുമായി ഒന്നിച്ച് യാത്ര ചെയ്യാനായി സ്വന്തമായി ഒരു വിമാനം നിര്‍മിച്ചിരിക്കുകയാണ് യൂറോപ്പിലുള്ള ഒരു മലയാളി എഞ്ചിനീയര്‍.
ആലപ്പുഴ സ്വദേശിയായ അശോക് ആലിശേരില്‍ താമരാക്ഷനാണ് ഇത്തരമൊരു വിമാനം നിര്‍മിച്ച് ശ്രദ്ധ നേടിയത്.
കോവിഡ് ലോക്ഡൗണ്‍ കാലത്താണ് വിമാനം നിര്‍മിക്കാനുള്ള ആശയം തന്‍റെ മനസില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അശോക് പറയുന്നു.
ഇതിനായി ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്‌ഷോപ് നിര്‍മിച്ചു. ഏകദേശം 1500 മണിക്കൂര്‍ ചിലവഴിച്ചാണ് ഇദ്ദേഹം ഈ വിമാനം സാക്ഷാത്ക്കരിച്ചത്.
ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ എന്നാണു വിമാനത്തിനു പേരിട്ടിരിക്കുന്നത്.
ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്ന ഇദ്ദേഹം ഇതിനോടകം നിരവധി രാജ്യങ്ങളില്‍ തന്‍റെ വിമാനത്തില്‍ സഞ്ചരിച്ചു കഴിഞ്ഞു.
ജര്‍മനി, ഓസ്ട്രേലിയ, ചെക് റിപബ്ലിക് എന്നീ രാജ്യങ്ങളടക്കം നിരവധിയിടങ്ങളിലാണ് നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന തന്‍റെ വിമാനവുമായി അദ്ദേഹം സഞ്ചരിച്ചത്.
മുന്‍ എംഎല്‍എ പ്രഫ. എ.വി.താമരാക്ഷന്‍റെയും ഡോ.സുഹൃദലതയുടെയും മകനാണ് അശോക്. ഭാര്യ അഭിലാഷയ്ക്കും മക്കള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലാണ് അദ്ദേഹമിപ്പോൾ താമസിക്കുന്നത്.