തൃശൂർ: മലയോരങ്ങളിലൂടെ മലയോര ഹൈവേ നിർമിക്കാൻ അന്പതു കോടി രൂപയുടെ അധികച്ചെലവു വരുമെന്നു വാദിച്ച സർക്കാർ പദ്ധതി നടപ്പാക്കാൻ വൈകുമെന്നും ഹൈക്കോടതിയിൽ. സർക്കാർ നിലപാടിനെതിരേ നാട്ടുകാർ പ്രക്ഷോഭത്തിന്.
മലയോര ഹൈവേ പാണഞ്ചേരി പഞ്ചായത്തിൽ മാത്രം ദേശീയപാതയിലൂടെയും തുടർന്ന് പീച്ചി റോഡിലൂടെയുമാക്കി റൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, സാലി തങ്കച്ചൻ എന്നിവർ കൊടുത്ത ഹർജിയിലാണ് സർക്കാർ ഈ നിലപാടെടുത്തത്. പാണഞ്ചേരിയിൽ റൂട്ട് മാറ്റിയാൽ 50 കോടി അധികച്ചെലവ് വരുമെന്നും കാലതാമസം വരുമെന്നുമാണ് സർക്കാർ നിലപാടെടുത്തത്.
മലയോര ഹൈവേയുടെ സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ച് 10 വർഷമായിട്ടും ഇതുവരെ അതിർത്തി നിർണയിക്കാനോ ഭൂമി ഏറ്റെടുക്കാനോ നടപടി ആരംഭിച്ചിട്ടില്ല. ഇത്രയും കാലതാമസം വന്നിട്ടും റൂട്ട് മാറ്റം പദ്ധതി നടപ്പാക്കാൻ വൈകുമെന്ന വിചിത്രവാദമാണ് സർക്കാർ ഉന്നയിച്ചത്.
മലയോര മേഖലയിലൂടെ റൂട്ട് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാൻ പാണഞ്ചേരി പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ തീരുമാനിച്ചതായി പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, സാലി തങ്കച്ചൻ, ഷിബു പോൾ, കെ.പി. ചാക്കോച്ചൻ എന്നിവർ അറിയിച്ചു.